BREAKINGKERALA
Trending

മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പൊടി വിതറുന്നതും ആചാരമല്ല, അനുവദിക്കരുതെന്ന് കോടതി

കൊച്ചി: ശബരിമലയില്‍ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍പൊടി വിതറുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇത് മറ്റു ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി നിരീക്ഷിച്ച കോടതി, ഇത്തരം കാര്യങ്ങള്‍ ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ലെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഭക്തര്‍ക്കിടയില്‍ അവബോധമുണ്ടാക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ശബരിമലയില്‍ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍പൊടി വിതറുന്നതും അനുവദിക്കാന്‍ പാടില്ല. മാളികപ്പുറത്ത് വസ്ത്രങ്ങള്‍ എറിയുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് അയ്യപ്പന്‍മാരെ അറിയിക്കാന്‍ അനൗണ്‍സ്മെന്റ് നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.
ശബരിമലയില്‍ വ്ലോഗര്‍മാര്‍ വീഡിയോ ചിത്രീകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പതിനെട്ടാം പടിയില്‍നിന്നുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ പകര്‍ത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. ദേവസ്വംബോര്‍ഡ് അനുമതി നല്‍കുന്നവര്‍ക്ക് ചടങ്ങുകള്‍ ചിത്രീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

Related Articles

Back to top button