KERALABREAKINGNEWS

മുണ്ടക്കൈ- ചൂരല്‍മല ദുരന്തം: കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

 

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. കേന്ദ്രത്തിന് നല്‍കാന്‍ കഴിയുന്ന തുകയുടെ കാര്യം ഈ മാസം തന്നെ കോടതിയെ അറിയിക്കുമെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ഫണ്ട് ഉണ്ടെന്നും ഹൈക്കോടതിയെ കേന്ദ്രം അറിയിച്ചു. ദുരന്തം ഉണ്ടായി മാസങ്ങള്‍ പിന്നിട്ടിട്ടും, കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ലെന്ന് കേരളം കോടതിയില്‍ പറഞ്ഞു.

പ്രത്യേക പ്രതിനിധി കെ വി തോമസിന് കേന്ദ്രം അയച്ച കത്ത് കോടതി പരിശോധിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആകില്ലെന്നു കേന്ദ്രം അറിയിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ അനുവദിച്ചതിനേകാല്‍ കൂടുതല്‍ തുക അനുവദിക്കാന്‍ ആവില്ലെന്ന് കേന്ദ്രം അറിയിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. കൂടുതല്‍ സഹായം നല്‍കാന്‍ താല്പര്യമില്ല എന്നാണ് കേന്ദ്രത്തിന്റെ കത്ത് സൂചിപ്പിക്കുന്നത് എന്നും ചൂണ്ടിക്കാട്ടി. അതേസമയം, കൂടുതല്‍ സഹായം അനുവദിക്കില്ല എന്ന് കേന്ദ്രം കത്തില്‍ പറഞ്ഞിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. നാല് മാസമായി ദുരന്തം നടന്നിട്ടെന്നും ഇതുവരെ അടിയന്തിര ധനസഹായം പോലും പ്രഖ്യാപിച്ചിട്ടില്ലെന്നും സംസ്ഥാനം ഇതിന് മറുപടി നല്‍കി. ദുരിത ബാധിതര്‍ക്കായി നല്‍കി വരുന്ന ധനസഹായം 30 ദിവസം കൂടി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ഉന്നതലകമ്മിറ്റി പരിശോധന നടത്തുന്നു എന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കെ വി തോമസിന് അയച്ച കത്തിനെ കുറിച്ച് കേന്ദ്രത്തോട് കോടതി ചോദിച്ചു. കത്തിന്റെ പശ്ചാത്തലം എന്ത് എന്നായിരുന്നു ചോദ്യം. കത്തിന്റെ പശ്ചാത്തലം വ്യക്തമല്ലെന്നും പരിശോധിക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേന്ദ്രത്തിനു നല്‍കാന്‍ ആവുന്ന തുകയുടെ കാര്യം ഈ മാസം തന്നെ കോടതിയെ അറിയിക്കും.

Related Articles

Back to top button