സന: യെമെന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമെന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഒരുമാസത്തിനുള്ളില്‍ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് സൂചന.
കൊല്ലപ്പെട്ട തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്. മോചനത്തിനായുള്ള ശ്രമങ്ങള്‍ക്കായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമെനില്‍ തുടരുന്നുണ്ട്.
ഇതിനിടയിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവില്‍ യെമെന്‍ പ്രസിഡന്റ് ഒപ്പിട്ടതായുള്ള വിവരം പുറത്തുവരുന്നത്. അഭിഭാഷകനെ അറിയിച്ച ശേഷം ഇത് നിമിഷപ്രിയയുടെ അമ്മയെ നേരിട്ട് ധരിപ്പിച്ചതായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു.
2012-ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ നഴ്‌സായി യെമെനിലെത്തുന്നത്. നിമിഷപ്രിയയുടെ ബിസിനസ് പങ്കാളിയായിരുന്ന യെമെന്‍ പൗരന്‍ 2017-ലാണ് കൊല്ലപ്പെടുന്നത്. കൊലപാതകത്തില്‍ നിമിഷപ്രിയക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റു ചെയ്യുകയും 2018-ല്‍ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുകയായിരുന്നു.
വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ 2022-ല്‍ തള്ളി. വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞവര്‍ഷം ശരിവെച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് മുന്നിലുള്ള വഴി. യെമെന്‍ പൗരന്റെ കുടുംബത്തിന് ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള അവസാന ശ്രമവും നടക്കുന്നുണ്ട്.
322 Less than a minute