BREAKINGINTERNATIONAL

രണ്ടാമതും അച്ഛനായതോടെ വീടുവിട്ടിറങ്ങി, മുറ്റത്ത് ടെന്റ് കെട്ടി താമസമാക്കി യുവാവ്

രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെ വീടുവിട്ടിറങ്ങി പൂന്തോട്ടത്തില്‍ ടെന്റ് കെട്ടി താമസമാക്കി യുകെ സ്വദേശിയായ യുവാവ്. വീണ്ടും അച്ഛനായപ്പോള്‍ ഉണ്ടായ ഉത്തരവാദിത്വങ്ങളും തന്റെ ജോലിസ്ഥലത്തെ ഉത്തരവാദിത്വങ്ങളും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെയാണ് ഇയാള്‍ വീട്ടില്‍ നിന്നും ടെന്റിലേക്ക് താമസം മാറ്റിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 38 -കാരനായ ഇയാള്‍ ഒരു സ്‌കൂള്‍ അധ്യാപകനാണ്.
അടുത്തിടെയാണ് യുകെയിലെ കേംബ്രിഡ്ജില്‍ താമസിക്കുന്ന സ്റ്റുവര്‍ട്ടിനും ഭാര്യ ക്ലോ ഹാമില്‍ട്ടണും രണ്ടാമത്തെ കുഞ്ഞു പിറന്നത്. ഇവരുടെ മൂത്ത മകന്‍ ഫാബിയന് രണ്ടു വയസ്സാണ് പ്രായം. ഏറെ സന്തോഷത്തോടെയാണ് സ്റ്റുവര്‍ട്ടിനും ഭാര്യയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ സ്വാഗതം ചെയ്തതെങ്കിലും പിന്നീട് അപ്രതീക്ഷിതമായ വെല്ലുവിളികള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുകയായിരുന്നു.
കുഞ്ഞു പിറന്ന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കടുത്ത സമ്മര്‍ദ്ദത്തിലായി സ്റ്റുവര്‍ട്ട്. കാരണം മറ്റൊന്നുമായിരുന്നില്ല, അദ്ദേഹത്തിന് പ്രൊഫഷണല്‍ ജീവിതവും വ്യക്തിജീവിതവും ഒരുപോലെ കൊണ്ടുപോകാന്‍ സാധിച്ചില്ല. മക്കളെ വളര്‍ത്തുന്നതില്‍ കഠിനമായ വെല്ലുവിളികള്‍ അദ്ദേഹം നേരിട്ടു തുടങ്ങി.
ഭാര്യയോടും മക്കളോടും ഒപ്പം ഒരുമിച്ച് ഒരു വീട്ടില്‍ കഴിയാന്‍ ബുദ്ധിമുട്ടായി വന്നതോടെ അയാള്‍ വീടുവിട്ടിറങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ ഒരു ടെന്റ് കെട്ടി അതില്‍ താമസമാക്കി. സ്റ്റുവര്‍ട്ടിന്റെ ഈ അപ്രതീക്ഷിതനീക്കം കുടുംബാംഗങ്ങളെ മാത്രമല്ല അയല്‍ക്കാരെയും അമ്പരപ്പിച്ചു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാകാം ഈ മാറിത്താമസിക്കലിന് പിന്നില്‍ എന്നാണ് പൊതുവില്‍ എല്ലാവരും കരുതിയത്. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ മാനസികാവസ്ഥയെ നന്നായി മനസ്സിലാക്കാന്‍ സ്റ്റുവര്‍ട്ടിന്റെ ഭാര്യക്ക് സാധിച്ചു.
തന്റെ ഭര്‍ത്താവിന്റെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ച ക്ലോയ് ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത് ഒരു കുട്ടിയുണ്ടാകുമ്പോള്‍ എല്ലാവരും അമ്മയുടെ ക്ഷേമത്തെക്കുറിച്ചാണ് ചോദിക്കുന്നത്, പക്ഷേ ആരും അച്ഛന്റെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്നില്ല. അമ്മയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് അച്ഛന്റെയും എന്നാണ്.
പ്രസവാനന്തരവിഷാദം എന്ന അവസ്ഥ അമ്മയാകുന്നവര്‍ക്ക് മാത്രമല്ല അച്ഛനാകുന്നവര്‍ക്കും വരാമെന്നും അതു മനസ്സിലാക്കി സമൂഹം പെരുമാറണമെന്നും ആവശ്യമാണെങ്കില്‍ വേണ്ടത്ര വിശ്രമം എടുക്കാന്‍ പുരുഷന്മാരും മടി കൂടാതെ തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button