BREAKINGNATIONAL
Trending

രാമക്ഷേത്രം വിശ്വാസവിഷയം, സമാനമായ തര്‍ക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല- മോഹന്‍ ഭാഗവത്

പുണൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, രാമക്ഷേത്രത്തിന് സമാനമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ രാമക്ഷേത്രം പോലുള്ള തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നത് അസ്വീകാര്യമായ പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു.
‘വ്യത്യസ്ത വിശ്വാസങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എങ്ങനെ യോജിപ്പോടെ ജീവിക്കാനാകും എന്നതിന് ഇന്ത്യ ഒരു മാതൃക കാണിക്കണമെന്നും പുണെയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.
‘നമ്മള്‍ വളരെക്കാലമായി സൗഹാര്‍ദ്ദപരമായി ജീവിക്കുന്നു. ഇന്ത്യക്കാര്‍ തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കിക്കൊണ്ട്, മുന്‍കാല തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തങ്ങളുടെ രാജ്യത്തെ ലോകത്തിന് മാതൃകയാക്കാന്‍ ശ്രമിക്കണം. രാമക്ഷേത്രം നിര്‍മിച്ചതിന് ശേഷം സമാനമായ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഹിന്ദുക്കളുടെ നേതാക്കളാകാമെന്ന് ചിലര്‍ കരുതുന്നു. ഇത് സ്വീകാര്യമല്ല,’- ഭാഗവത് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
രാമക്ഷേത്രം വിശ്വാസത്തിന്റെ കാര്യമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അത് നിര്‍മിക്കപ്പെടണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. വിദ്വേഷത്തിന്റെയും ശത്രുതയുടെയും പേരില്‍ മറ്റിടങ്ങളില്‍ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇന്ത്യയില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല. എല്ലാവര്‍ക്കും അവരുടെ വിശ്വാസ പ്രകാരം ആരാധന നടത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button