BREAKINGNATIONAL

വന്ദേഭാരതില്‍ വിളമ്പിയ സാമ്പാറില്‍ പ്രാണികള്‍, ഭക്ഷണ വിതരണക്കാരന് 50000 രൂപ പിഴ ചുമത്തി റെയില്‍വെ

ചെന്നൈ: വന്ദേഭാരത് ട്രെയിനില്‍ വിളമ്പിയ സാമ്പാറില്‍ പ്രാണികളെ കണ്ടെന്ന് പരാതി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ റെയില്‍വെ ഭക്ഷണ വിതരണക്കാരന് പിഴ ചുമത്തി. 50,000 രൂപയാണ് പിഴ ചുമത്തിയത്.
തിരുനെല്‍വേലിയില്‍ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന വന്ദേഭാരതില്‍ വിളമ്പിയ ഭക്ഷണത്തിലാണ് പ്രാണികളെ കണ്ടെത്തിയത്. മണിക്കം ടാഗോര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്ത് വന്ദേഭാരത് ട്രെയിനുകളിലെ ശുചിത്വ നിലവാരത്തെ വിമര്‍ശിച്ചു. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. പ്രീമിയം ട്രെയിനുകളില്‍ പോലും ഭക്ഷ്യസുരക്ഷയില്ലെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് റെയില്‍വെ മറുപടിയുമായി രംഗത്തെത്തി. ദിണ്ടിഗല്‍ സ്റ്റേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഭക്ഷണപ്പൊതി പരിശോധിച്ചു. പ്രാണികള്‍ സാമ്പാറില്‍ അല്ല, സാമ്പാറൊഴിച്ച അലുമിനിയം കണ്ടെയിനറിന്റെ അടപ്പിലാണ് കണ്ടതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി റെയില്‍വെ വിശദീകരിച്ചു. വീഴ്ച വരുത്തിയതിന് ഭക്ഷണ വിതരണ ചുമതലയുണ്ടായിരുന്ന ബൃന്ദാവന്‍ ഫുഡ് പ്രൊഡക്ട്‌സിന് പ്രാഥമികമായി 50,000 രൂപ പിഴ ചുമത്തിയെന്ന് റെയില്‍വേ അറിയിച്ചു. ഫുഡ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കുമെന്നും റെയില്‍വെ വ്യക്തമാക്കി.
വേഗതയില്‍ മുന്‍പന്തിയിലുള്ള വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെ കുറിച്ച് പരാതി ഉയരുന്നത് ഇതാദ്യമല്ല. നേരത്തെ പാറ്റയെ കണ്ടെത്തിയതായി മറ്റൊരു യാത്രക്കാരന്‍ പരാതിപ്പെട്ടിരുന്നു.

Related Articles

Back to top button