BREAKINGKERALA

വയനാട്ടില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടു

വയനാട്: വയനാട് മാനന്തവാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോകേണ്ടി വന്ന സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ ബലിയാടാക്കി അധികൃതര്‍. സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടര്‍ മഹേഷ് കുമാറിനെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. താല്‍ക്കാലിക ജീവനക്കാരനായ മഹേഷിനെ പിരിച്ചുവിട്ടതില്‍ മറ്റ് ട്രൈബല്‍ പ്രമോട്ടര്‍മാര്‍ ഇന്ന് പ്രതിഷേധിക്കും.
രണ്ട് ആംബുലന്‍സുകള്‍ പര്യാപ്തമല്ലെന്ന് പലതവണ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് പിരിച്ചുവിട്ട ട്രൈബല്‍ പ്രമോട്ടര്‍ മഹേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യം വകുപ്പ് മന്ത്രിക്കും അറിയാം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഭാഗത്തും വീഴ്ചയുണ്ട്. പണം നല്‍കാത്തതിനാല്‍ സ്വകാര്യ ആംബുലന്‍സുകളും വരാന്‍ തയ്യാറാകില്ല. ഉത്തരവാദി താന്‍ അല്ലാതിരുന്നിട്ടും കടുത്ത നടപടി നേരിടേണ്ടി വന്നിരിക്കുന്നെന്നും മഹേഷ് പ്രതികരിച്ചു.
മാനന്തവാടിയില്‍ ട്രൈബല്‍ വകുപ്പിന് രണ്ട് ആംബുലന്‍സുകള്‍ മാത്രമാണുള്ളത്. രണ്ട് ആംബുലന്‍സുകളും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനാല്‍ ആദിവാസി വിഭാഗക്കാര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മുന്‍പും ആളുകള്‍ മരിക്കുമ്പോള്‍ ആംബുലന്‍സുകള്‍ ലഭ്യമായിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിന്റെ മണ്ഡലത്തിലാണ് ദുരവസ്ഥ
സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദിവാസി സ്ത്രീയുടെ മൃതദേഹം ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. വയനാട് എടവക പഞ്ചായത്തിലെ പള്ളിക്കല്‍ വീട്ടിച്ചാല്‍ നാല് സെന്റ് ഉന്നതിയിലെ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കാനാണ് മാന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Related Articles

Back to top button