BREAKINGKERALA

വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

brന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ലോക്‌സഭ അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 30, ഡിസംബര്‍ 1 തീയതികളില്‍ മണ്ഡലത്തില്‍ പര്യടനം നടത്തും. രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടാകും. ഷിംലയില്‍നിന്നു മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും.മഹാരാഷ്ട്രയിലെ നന്ദേഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര വസന്തറാവു ചവാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
അതേസമയം പാര്‍ലമെന്റിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ് നല്‍കും.കന്നിയങ്കത്തില്‍ വയനാട്ടില്‍ നിന്ന് ജയിച്ചെത്തിയ പ്രിയങ്ക, മണ്ഡലത്തിലെ ജനകീയ വിഷയങ്ങളില്‍ എത്രമാത്രം ഇടപെടുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ആദ്യ മത്സരത്തില്‍ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയ പ്രിയങ്ക ഗാന്ധി ഇന്ന് മുതല്‍ ലോക്‌സഭ എംപിയാന്‍. 4,10,931 ഭൂരിപക്ഷം നേടിയാണ് പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭ പ്രവേശനം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സമരമുഖങ്ങളിലും കോണ്‍ഗ്രസിനെ ആവേശം കൊള്ളിച്ച ശബ്ദം ഇനി പാര്‍ലമെന്റിലും ഉയരും.
എംപി എന്ന നിലയില്‍ പഠിക്കാനും തെളിയാനും ഏറെയുണ്ട്. പിതാമഹന്‍ ജവഹര്‍ലാലല്‍ നെഹ്‌റു മുതല്‍ സഹോദരന്‍ രാഹുല്‍ ഗാന്ധിവരെ നടന്ന വഴിയുലെടാണ് ഇനിയുള്ള നടപ്പ്. വാക്കെടുത്തു പ്രയോഗിക്കുമ്പോള്‍ സൂക്ഷിച്ചുവേണം. ഓരോ നീക്കത്തിലും രാഷ്ട്രീയം വേണം. എന്നും വയനാടിനെ ചേര്‍ത്തുനിര്‍ത്തുമെന്ന വാക്ക് പാലിക്കണം.
ഉരുള്‍പൊട്ടല്‍ ജീവിതം തകര്‍ത്ത ജനതയ്ക്ക് കേന്ദ്രസഹായം, മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളിലെ ശാശ്വത പരിഹാരം, ചുരം താണ്ടാതെ ജീവന്‍ കാക്കാന്‍ ഒരു മെഡിക്കല്‍ കോളജ്, രാത്രിയാത്ര നിരോധനം പിന്‍വലിക്കല്‍. പ്രിയങ്ക ഗാന്ധിയില്‍ നിന്ന് വയനാട് ആഗ്രഹിക്കുന്നത് ഇങ്ങനെ പലതുമുണ്ട്.

Related Articles

Back to top button