ബാഗല്‍കോട്ട്: കര്‍ണാടകയില്‍ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയല്‍വാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തില്‍ പക്ഷേ പരിക്കേറ്റത് മുന്‍ കാമുകിയ്ക്ക് ആയിരുന്നു. 35കാരനുമായുള്ള പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് നിരന്തരമായി കാമുകിയോട് ആവശ്യപ്പെട്ടിരുന്ന അയല്‍വാസിയായ സുഹൃത്തിനാണ് ബുധനാഴ്ച കൊറിയര്‍ എത്തിയത്. എന്നാല്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ കൊറിയര്‍ വാങ്ങി വയ്ക്കാനും പിന്നീട് തുറന്ന് എന്താണെന്ന് പരിശോധിക്കാനും അയല്‍വാസി യുവാവിന്റെ മുന്‍ കാമുകിയോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ കൊറിയര്‍ അയച്ചത് മുന്‍ കാമുകനാണെന്നോ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിക്കുമെന്നോ ധാരണയില്ലാതെ പ്രവര്‍ത്തിപ്പിച്ച് നോക്കിയ കാമുകിയ്ക്ക് സ്ഫോടനത്തില്‍ ഇരു കൈപ്പത്തികളും നഷ്ടമാവുകയായിരുന്നു. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ബുധനാഴ്ചയുണ്ടായ അപകടത്തിലാണ് ബാസമ്മ യാരനാല്‍ എന്ന യുവതിക്ക് ഇരു കൈപ്പത്തികളും നഷ്ടമായത്. അയല്‍വാസി ശശികലയ്ക്ക് വന്ന കൊറിയര്‍ അവരുടെ നിര്‍ദ്ദേശത്തിന് പിന്നാലെ വാങ്ങി വയ്ക്കുകയും പിന്നീട് ശശികല ആവശ്യപ്പെട്ടത് അനുസരിച്ച് ഉപകരണം പ്രവര്‍ത്തിപ്പിക്കുകയും ചെയ്തതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ ബാസമ്മ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കര്‍ണാടകയിലെ കൊപ്പലിലെ കര്‍ട്ടാഗേരി സ്വദേശിയായ 35കാരന് സിദ്ദപ്പ ശീലാവന്താണ് സംഭവത്തില്‍ അറസ്റ്റിലായത്.
തുടക്കത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് കരുതിയ സംഭവത്തിലെ പൊലീസ് അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നതും അറസ്റ്റുണ്ടായതും. ബാസമ്മയും സിദ്ദപ്പയും ഒരേ ഗ്രാമവാസികളാണ്. ഭര്‍ത്താവിന്റെ മരണ ശേഷം സിദ്ദപ്പയും ബാസമ്മയും തമ്മില്‍ അടുപ്പത്തിലായി. ഈ വിവരം ശശികലയ്ക്ക് അറിയാമായിരുന്നു. ഒരു മാസം മുന്‍പ് സിദ്ദപ്പയെ ബാസമ്മ ശശികലയ്ക്ക് പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ പ്രണയമാണെന്ന് വ്യക്തമായതോടെ ശശികല സിദ്ദപ്പയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ബാസമ്മയെ നിര്‍ബന്ധിച്ചിരുന്നു. ഉറ്റ സുഹൃത്തും ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യയുമായ ശശികലയുടെ നിര്‍ദ്ദേശം ബാസമ്മ സ്വീകരിച്ചു. പിന്നാലെ ബന്ധത്തില്‍ താല്പര്യമില്ലെന്ന് വിശദമാക്കുകയും ചെയ്തു.
ഇത് സിദ്ദപ്പയെ പ്രകോപിതനാക്കിയിരുന്നു. ബാസമ്മ ബന്ധത്തില്‍ നിന്ന് പിന്തിരിയാന് കാരണം ശശികല ആണെന്ന് വ്യക്തമായ സിദ്ദപ്പ ശശികലയെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ കെണിയില്‍ പക്ഷേ അബദ്ധത്തില്‍ വീണത് ബാസമ്മ ആണെന്ന് മാത്രം.16 വര്‍ഷമായി ഗ്രാനൈറ്റ് കമ്പനിയിലെ ജീവനക്കാരനായ സിദ്ദപ്പയ്ത്ത് ഡിറ്റണേറ്ററുകളും ഇവയുടെ പ്രവര്‍ത്തനവും പരിചയമുണ്ടായിരുന്നു. ഇതോടെയാണ് ഇയാള്‍ ചൈനീസ് നിര്‍മ്മിത ഹെയര്‍ ഡ്രയര്‍ വാങ്ങി ഇതില്‍ ഡിറ്റണേറ്റര്‍ ഘടിപ്പിച്ച് ശശികലയ്ക്ക് അയയ്ക്കുകയായിരുന്നു. ക്വാറികളില്‍ പാറകള്‍ തകര്‍ക്കാനുപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടനമാണ് ഹെയര്‍ ഡ്രയറില്‍ തയ്യാറാക്കിയതെന്നാണ് ബാഗല്‍കോട്ട് എസ്പി അമര്‍നാഥ് റെഡ്ഡ് വിശദമാക്കുന്നത്.
67 1 minute read