BREAKINGNATIONAL

വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണി; പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം

ന്യൂഡല്‍ഹി: വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണി വര്‍ധിച്ചുവരുന്നത് വിമാനയാത്രികരെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ടുകളൊഴിവാക്കാന്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം.
ഭീഷണി യഥാര്‍ഥത്തിലുള്ളതാണോ വ്യാജമാണോയെന്ന് കൃത്യമായി കണ്ടെത്താന്‍ സമഗ്രപരിശോധനയ്ക്ക് സുരക്ഷാസമിതിക്ക് കൂടുതല്‍ അധികാരം നല്‍കും. ഭീഷണി മുഴക്കുന്നയാളുടെയോ സംഘടനയുടെയോ സാമൂഹിക മാധ്യമ മേല്‍വിലാസം വ്യാജമാണോ എന്ന് സമിതി സൂക്ഷ്മമായി പരിശോധിക്കും. ഭീഷണിപ്പെടുത്തുന്നവര്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ, ഭീഷണിക്ക് പിന്നില്‍ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ടോ, അന്താരാഷ്ട്രതലത്തിലുള്ള സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കും. വിമാനത്തിന്റെ ടേക്ക് ഓഫിന് മുന്‍പ് ആളുകളെ ഒഴിപ്പിക്കല്‍, അടിയന്തര ലാന്‍ഡിങ്, യാത്രക്കാരെയും അവരുടെ സാധനങ്ങളുടെയും സമഗ്രപരിശോധന വീണ്ടും നടത്തല്‍ എന്നിവയ്‌ക്കെല്ലാം മുന്‍പായിട്ടാകും സമിതി ഭീഷണിയുടെ സ്വഭാവം പരിശോധിക്കുക.
നിലവിലെ രീതിയനുസരിച്ച് ഏതെങ്കിലും ഭീഷണിയുണ്ടായാലുടന്‍ ബന്ധപ്പെട്ട വിമാനത്താവളത്തില്‍ പരിശോധനാസമിതി ചേര്‍ന്ന് ഭീഷണി ഗൗരവത്തിലുള്ളതാണോ, വ്യാജമാണോ എന്ന് പരിശോധിക്കാറുണ്ട്. പുതിയ പശ്ചാത്തലത്തില്‍ ബഹുതലങ്ങളിലുള്ള പരിശോധനയ്ക്ക് സമിതി തയ്യാറാവും. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, സി.ഐ.എസ്.എഫ്, പോലീസ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍, എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രതിനിധികളടങ്ങുന്നതാണ് സമിതി. ആവര്‍ത്തിച്ചുണ്ടാകുന്ന ബോംബ് ഭീഷണികള്‍ കാരണം വിമാനക്കമ്പനികള്‍ക്ക് മണിക്കൂറില്‍ 13 മുതല്‍ 17 ലക്ഷം വരെ രൂപയുടെ നഷ്ടം ഉണ്ടാകുന്നെന്നാണ് കണക്ക്. പുതുക്കിയ പദ്ധതിപ്രകാരം ഭീഷണി വന്നാലുടന്‍ ഫ്‌ളൈറ്റ് യാത്രികരുടെ വിശദാംശങ്ങളുടെ പരിശോധന ആദ്യം നടത്തണം. ഈ പരിശോധന വിമാനത്തില്‍ ഏതെങ്കിലും വി.ഐ.പി. യാത്രക്കാരുണ്ടോയെന്ന് കണ്ടെത്താനാണ്. അങ്ങനെയുണ്ടെന്ന് സ്ഥിരീകരിച്ചാലുടന്‍ എല്ലാ സുരക്ഷാ പ്രോട്ടക്കോള്‍ നടപടികളും ഊര്‍ജിതമാക്കും.

Related Articles

Back to top button