ദില്ലി: വിവാദപ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് ഇന്ന് സുപ്രീംകോടതി കൊളീജിയത്തിന് മുന്നിൽ ഹാജരാകും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ വിദ്വേഷപ്രസംഗത്തിൽ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി നൽകിയ റിപ്പോർട്ടും ഈക്കാര്യത്തിൽ നിർണ്ണായകമാണ്. ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
ഏകീകൃതസിവിൽ കോഡിന് അനൂകൂലമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ ജഡ്ജി പങ്കെടുത്ത് വലിയ വിവാദമായിരുന്നു. പരിപാടിയിൽ ജഡ്ജി നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഏകീതൃത സിവിൽ കോഡ്, ബഹുഭാര്യാത്വം ഉൾപ്പെടെ വിഷയങ്ങളിലെ പ്രസ്താവനയാണ് വിവാദമായത്. ഒരു സമുദായം കുട്ടികളെ അഹിംസയും കാരുണ്യവും സഹിഷ്ണുതയും പഠിപ്പിക്കുമ്പോൾ മറ്റൊരു സമുദായം കുട്ടികളുടെ മുന്നിലിട്ട് മൃഗങ്ങളെ കശാപ്പ് ചെയ്യുകയാണെന്നും ജഡ്ജി തൻറെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.