രാജ്യത്ത് വിവാഹിതരാകാതെ അവശേഷിക്കുന്ന 35 ദശലക്ഷം പുരുഷന്മാര്‍ തങ്ങള്‍ക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്‍ വിദേശവനിതകളെ ആശ്രയിക്കണമെന്ന ചൈനയിലെ ഒരു പ്രശസ്ത സര്‍വകലാശാലയിലെ പ്രൊഫസര്‍. പ്രൊഫസറുടെ നിര്‍ദ്ദേശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ് ഇപ്പോള്‍. ഈ പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണം എന്നാണ് ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് 2020-ലെ ചൈനയിലെ ഏഴാമത്തെ ദേശീയ ജനസംഖ്യാ സെന്‍സസ് പ്രകാരം സ്ത്രീകളേക്കാള്‍ 34.9 ദശലക്ഷം അധികമാണ് പുരുഷന്മാരുടെ എണ്ണം. ചൈനയില്‍ തുടര്‍ന്ന് വന്നിരുന്ന ഒറ്റക്കുട്ടി നയത്തിന്റെ പരിണിതഫലമായാണ് ജനസംഖ്യാപരമായ വെല്ലുവിളി ഉടലെടുത്തത് എന്നാണ് വിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നത്
സെന്‍ട്രല്‍ ചൈന നോര്‍മല്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചൈന റൂറല്‍ സ്റ്റഡീസ് ഈ വര്‍ഷം ആദ്യം നടത്തിയ ഒരു പഠന റിപ്പോര്‍ട്ടില്‍, വിവാഹം കഴിക്കാന്‍ പങ്കാളികളെ കണ്ടെത്തുന്നതില്‍ ഗ്രാമീണ യുവാക്കള്‍ നേരിടുന്ന വര്‍ധിച്ചുവരുന്ന ബുദ്ധിമുട്ടുകള്‍ വിശദമാക്കിയിരുന്നു. ഉയര്‍ന്ന ‘വധുവില’യും (വിവാഹം കഴിക്കുമ്പോള്‍ വധുവിന് വരന്‍ നല്‍കേണ്ടി വരുന്ന പണം) പരമ്പരാഗത വിവാഹത്തിനുള്ള അംഗീകാരം കുറയുന്നതുമാണ് പ്രാഥമിക കാരണങ്ങളായി റിപ്പോര്‍ട്ട് കണ്ടെത്തിയത്.
ഷിയാമെന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ അസോസിയേറ്റ് പ്രൊഫസറായ ഡിംഗ് ചാങ്‌ഫെയാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗമായി അന്താരാഷ്ട്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായം സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. റഷ്യ, കംബോഡിയ, വിയറ്റ്‌നാം, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് ചൈനയിലെ പുരുഷന്മാര്‍ക്ക് പരിഗണിക്കാമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇദ്ദേഹത്തിന് സോഷ്യല്‍ മീഡിയ പ്രസ്താവന വൈറലായതോടെ പുരുഷന്മാര്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചെങ്കിലും സ്ത്രീകളില്‍ അധികവും വിയോജിപ്പ് രേഖപ്പെടുത്തി. വിദേശ യുവതികളെ വിവാഹം കഴിക്കാനായി രാജ്യത്തേക്ക് ‘ഇറക്കുമതി’ ചെയ്യുന്നത് മനുഷ്യക്കടത്തിന് സമാനമാണെന്ന് പല സ്ത്രീകളും വാദിച്ചു. എന്നാല്‍, മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത് ഭാഷാപരമായും സാംസ്‌കാരിക പരമായും അകലം നിലനില്‍ക്കുന്നതിനാല്‍ കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വീഴാനുള്ള സാധ്യത അധികമാണെന്നായിരുന്നു.
71 1 minute read