BREAKINGKERALA

വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്, പീഡനക്കേസില്‍ കുടുക്കല്‍; ശ്രുതിയുടെ തട്ടിപ്പ് രീതികള്‍ ഇങ്ങനെ

കാസര്‍ഗോഡ്: കാസര്‍ഗോഡ് കൊമ്പനടുക്കം സ്വദേശിയായ ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പുകള്‍ പല വിധത്തില്‍. വിവാഹ വാഗ്ദാനം നല്‍കിയും സൗഹൃദം നടിച്ചും യുവാക്കളില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്തു. തിരികെ ചോദിച്ചാല്‍ പീഡനക്കേസില്‍ അടക്കം കുടുക്കുന്നതായിരുന്നു യുവതിയുടെ തന്ത്രം. ഒടുവില്‍ യുവാവ് നല്‍കിയ പരാതിയില്‍ ശ്രുതി റിമാന്റിലായി. പക്ഷേ, പീഡനം അടക്കമുള്ള കേസുകളുമായി യുവാക്കള്‍ ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണ്.
ഇന്‍കം ടാക്‌സ് ഓഫീസര്‍, ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥ തുടങ്ങിയ വേഷങ്ങളിലായിരുന്നു ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പുകള്‍. ഇതിനായി വ്യാജ തിരിച്ചറിയില്‍ കാര്‍ഡഡടക്കം യുവതി നിര്‍മ്മിച്ചിരുന്നു. സൗഹൃദം സ്ഥാപിച്ച് സ്വര്‍ണ്ണവും പണവും കൈക്കലാക്കുന്നതായിരുന്നു ശ്രുതിയുടെ രീതി. ചിലര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു. കാസര്‍ഗോഡ് സ്വദേശിയായ യുവാവ് മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് യുവതിയുടെ തട്ടിപ്പ് പുറത്തുവന്നത്. ഒടുവില്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്ത് നിന്ന് ശ്രുതി പിടിയിലായി.
തട്ടിയെടുത്ത സ്വര്‍ണ്ണവും പണവും തിരിച്ച് ചോദിച്ചാല്‍ പീഡനമടക്കമുള്ള കേസുകളില്‍ കുടുക്കുന്നതാണ് ശ്രുതിയുടെ തന്ത്രം. കര്‍ണാടകത്തില്‍ പീഡനക്കേസ് നല്‍കിയതോടെ കാസര്‍ഗോഡ് സ്വദേശിയായ യുവാവിന് നിയമനടപടി നേരിടേണ്ടി വന്നു. 28 ദിവസമാണ് ഇദ്ദേഹത്തിന് ജയിലില്‍ കിടക്കേണ്ടി വന്നത്. യുവാവ് ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും ഇപ്പോഴും നിയമ നടപടി തുടരുകയാണ്.
സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയെപ്പെട്ട് സൗഹൃദമുണ്ടാക്കിയാണ് ശ്രുതിയുടെ തട്ടിപ്പ്. അടിയന്തരമായി ആശുപത്രി ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞാണ് പുല്ലൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് പണം തട്ടിയത്. തിരികെ ചോദിച്ചപ്പോള്‍ കേസില്‍ കുടുക്കുമെന്ന ഭീഷണിയായിരുന്നുവെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് കേസില്‍ കുടുങ്ങാതെ രക്ഷപ്പെട്ടതെന്നും യുവാവ് പറയുന്നു. മാട്രിമോണിയല്‍ വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചും ശ്രുതിയുടെ തട്ടിപ്പുണ്ട്. വിവാഹം കഴിച്ചിട്ടില്ല എന്നാണ് പ്രൊഫൈല്‍.
രണ്ട് കുട്ടികളുടെ അമ്മയാണ് ശ്രുതി. എന്നാല്‍ വിവാഹം കഴിച്ചതോ കുട്ടികള്‍ ഉള്ളതോ വെളിപ്പെടുത്താതെയാണ് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്. തൃശൂരിലെ പൊലീസുകാരന്‍ തട്ടിപ്പിന് ഇരയായതും മാട്രിമോണിയല്‍ സൈറ്റ് വഴിയാണ്. 17 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്. പൊലീസുകാരന്‍ ഇപ്പോള്‍ പണം തിരികെ കിട്ടാന്‍ കേസുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തതെങ്കിലും പരാതി നല്‍കാത്തവര്‍ ഇനിയുമുണ്ട്. കേസുകളില്‍ റിമാന്റിലായെങ്കിലും തട്ടിപ്പ് സംബന്ധിച്ച് കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്നാണ് ഇരകളുടെ പരാതി. തട്ടിപ്പിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ശ്രുതി ഉപയോഗിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
എതിര്‍ത്ത് സംസാരിച്ചതിന്റെ പേരില്‍ ബന്ധുക്കളെപ്പോലും ശ്രുതി കള്ളക്കേസില്‍ കുടുക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു കേസ് ഒഴികെയുള്ളതിലെല്ലാം ശ്രുതി ഇതിനകം ജാമ്യം നേടിയിട്ടുണ്ട്. ഇതില്‍ കൂടി ജാമ്യം കിട്ടിയാല്‍ ഇവര്‍ ജയില്‍ മോചിതയാകും. അങ്ങനെയെങ്കില്‍ വീണ്ടും തങ്ങള്‍ക്കെതിരെ കേസുമായി യുവതി നീങ്ങുമോ എന്ന ആശങ്കയിലാണ് പലരും. പുതിയ ഇരകളെ കണ്ടെത്തി തട്ടിപ്പിന് ആക്കം കൂട്ടുമോ എന്ന ആശങ്കയുമുണ്ട്. തട്ടിയെടുത്ത പണവും സ്വര്‍ണ്ണവുമൊന്നും നഷ്ടപ്പെട്ടവര്‍ക്ക് തിരികെ കിട്ടിയിട്ടില്ല. അത് കിട്ടുമോ എന്ന് യാതൊരു ഉറപ്പുമില്ല. ഇനി എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ് തട്ടിപ്പിന്റെ ഇരകള്‍.

Related Articles

Back to top button