BREAKINGKERALA
Trending

വെള്ളാപ്പള്ളിയുടെ പ്രസ്താവന പരിശോധിക്കും, എന്‍എസ്എസിന് തന്നോട് അകല്‍ച്ചയുള്ളതായി തോന്നിയിട്ടില്ല-സതീശന്‍

തിരുവനന്തപുരം: എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിമര്‍ശിക്കുന്നതുപോലെ പ്രതിപക്ഷ നേതാവിനേയും ആര്‍ക്കും വിമര്‍ശിക്കാം. വെള്ളാപ്പള്ളിയുടെ പ്രസ്താവന പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണോ അതോ താന്‍ തിരുത്തുന്നതിനായാണോ എന്ന് ശ്രദ്ധിക്കുമെന്നും
സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അടുത്ത കാലത്തായി നാക്കുപിഴയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്തും. തെറ്റുകള്‍ മനുഷ്യസഹജമല്ലേയെന്നും താന്‍ ആരുമായും പിണക്കത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളിയുടെ പ്രസ്താവന സന്തോഷവും അഭിമാനവുമുണ്ടാക്കി. കഴിഞ്ഞമാസം അദ്ദേഹം പറഞ്ഞത് മൂന്നാമതും പിണറായി വിജയന്‍ അധികാരത്തില്‍ വരുമെന്നാണ്. 2026-ല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകുമെന്നുമാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. ഇതില്‍ ഞങ്ങള്‍ക്ക് സന്തോഷവും അഭിമാനവുമുണ്ട്, പ്രതിപക്ഷനേതാവ് പറഞ്ഞു.
മന്നം ജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചതിലും സതീശന്‍ നിലപാട് വ്യക്തമാക്കി. ‘കോണ്‍ഗ്രസിന്റേയോ യുഡിഎഫിന്റെയോ ഏതൊരു നേതാവും ഏത് സാമുദായിക സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് കോണ്‍ഗ്രസിനും യുഡിഎഫിനുമാണ്. എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വിവിധ സാമുദിക സംഘടനകളുമായി ബന്ധമുണ്ട്. എനിക്ക് മാത്രം പോരല്ലോ ബന്ധം, എല്ലാവര്‍ക്കും വേണ്ടേ. ഒരു പരിപാടിയില്‍തന്നെ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ പറ്റുമോ. സമുദായ സംഘടനകള്‍ക്ക് അവര്‍ക്ക് കൂടുതല്‍ അടുപ്പവും ബന്ധവും ഉള്ളവരെ വിളിക്കും. കോണ്‍ഗ്രസ് നേതാക്കന്മാരെയല്ലേ വിളിക്കുന്നത്. ഏത് കോണ്‍ഗ്രസ് നേതാവും മത സംഘടനകളുമായും സമൂഹത്തിലെ ആരുമായും കൂടുതല്‍ ബന്ധം സ്ഥാപിച്ചാല്‍ കൂട്ടത്തില്‍ ഏറ്റവും സന്തോഷിക്കുന്ന ഒരാള്‍ താനായിരിക്കും’, സതീശന്‍ പറഞ്ഞു.
എന്‍എസ്എസിന് തന്നോട് അകല്‍ച്ചുള്ളതായി തോന്നിയിട്ടില്ലെന്നും എല്ലാവരുമായും നല്ല ബന്ധമാണുള്ളതെന്നും വ്യക്തമാക്കിയ അദ്ദേഹം, രാഷ്ട്രീയവും മതവും തമ്മില്‍ പ്രത്യേകമായൊരു അകലം വേണമെന്നതാണ് തന്റെ നിലപാടെന്നും കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമര്‍ശിച്ചും കഴിഞ്ഞദിവസം എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണെന്നുമായിരുന്നു ആരോപണം. മന്നം ജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചതിന് പിന്നാലെയായിരുന്നു ഇത്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചെന്നിത്തല കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ മന്നം ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി എന്‍.എസ്.എസ്. ചെന്നിത്തലയെ ക്ഷണിക്കുകയും ചെയ്തു.
ഇതിനെ പിന്തുണച്ചുകൊണ്ടാണ് വെള്ളാപ്പള്ളി വെള്ളിയാഴ്ച സംസാരിച്ചത്. ‘സമുദായ സംഘടനകളോട് രാഷ്ട്രീയ നേതാക്കള്‍ എപ്പോഴും അടുപ്പം പുലര്‍ത്തണം. സാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പറഞ്ഞ് അവസാനിപ്പിക്കണം. അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണം,’ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ചെന്നിത്തല ഇരുത്തംവന്ന നേതാവാണെന്നും അത്തരത്തിലാണ് ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘എന്‍.എസ്.എസുമായി ചെന്നിത്തല അകന്നുനില്‍ക്കാന്‍ പാടില്ല. പിണക്കങ്ങള്‍ തീര്‍ത്ത് ഇണങ്ങി പോകുന്നതാണ് എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും നല്ലത്. ചെന്നിത്തല അതിനുവേണ്ട കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞു, അത് മികച്ച തീരുമാനമാണ്,’ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി.-എന്‍.എസ്.എസ്. നേതൃത്വത്തോട് സതീശനെക്കാളും അടുപ്പം ചെന്നിത്തലയ്ക്കാണ്. എന്‍.എസ്.എസിനോട് അടുത്ത് നില്‍ക്കേണ്ടയാളാണ് രമേശ് ചെന്നിത്തലയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇതിനിടെ വി.ഡി. സതീശനെതിരായ പ്രസ്താവനകളും വെള്ളാപ്പള്ളി നടത്തി.
‘പ്രതിപക്ഷ നേതാവിനുവേണ്ട മെയ്വഴക്കം വി.ഡി. സതീശനില്ല. അദ്ദേഹത്തിന്റെ നാക്ക് മോശമാണ്. പക്വതയില്ലാതെ, വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണ് പ്രതിപക്ഷ നേതാവ്’, എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. എസ്.എന്‍.ഡി.പി., എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിമാരുമായി ഇപ്പോള്‍ വി.ഡി. സതീശന്‍ അത്ര നല്ല ബന്ധത്തിലല്ല. മാത്രമല്ല, എതിര്‍പക്ഷത്ത് നിന്നുകൊണ്ട് ഇരുസംഘടകള്‍ക്കും എതിരെ പരസ്യമായ പ്രസ്താവനകള്‍ നടത്തുന്നുമുണ്ട്. പ്രതിപക്ഷ നേതാവിനോട് ഇരുസംഘടനകള്‍ക്കുമുള്ള താല്‍പര്യമില്ലായ്മ കൂടിയാവാം രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോള്‍ നല്‍കുന്ന പരസ്യപിന്തുണയ്ക്ക് പിന്നിലുള്ള കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Related Articles

Back to top button