തൃശ്ശൂര്‍: പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് ശിവകാശിലോബിയെന്ന ആരോപണവുമായി തിരുവമ്പാടി സെക്രട്ടറി കെ ഗിരീഷ് കുമാര്‍. തൃശ്ശൂര്‍ പൂരത്തെ ഒതുക്കാനുള്ള ടെസ്റ്റ് ഡോസാണിതെന്നും പൂരം വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് തന്നെയാണ് വേല വെടിക്കെട്ടും നടത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് വേല വെടിക്കെട്ടിന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സ്ഫോടകവസ്തു നിയമ പ്രകാരം വെടിക്കെട്ട് പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ അകലമാണ് വേണ്ടത്. എന്നാല്‍ വേല വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഈ ദൂരം 78 മീറ്റര്‍ മാത്രമാണെന്നതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം.
എന്നാല്‍ കുറേയധികം നിബന്ധനകള്‍ പറഞ്ഞാണ് കളക്ടര്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതെന്ന് ഗിരീഷ് കുമാര്‍ കുറ്റപ്പെടുത്തുന്നു. വെടിക്കെട്ട് നടക്കുന്നതിന് തൊട്ടടുത്ത് സ്കൂളും ആശുപത്രികളും കോളേജും പെട്രോള്‍ പമ്പും ഉണ്ടെന്നതാണ് ഇതിലെ ഒരു കാരണം. എത്രയോ കാലങ്ങളായി ഇവയെല്ലാം സ്വരാജ് റൗണ്ടില്‍ ഉണ്ടായിരുന്നു. അപ്പോഴെല്ലാം അവിടെ വെടിക്കെട്ട് നടന്നിട്ടുണ്ട്. എങ്ങനെയെങ്കിലും വെടിക്കെട്ട് ഇല്ലാതാക്കാനാണ് ശ്രമം. തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാര്‍ ഉള്ളത്. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉണ്ട്. ഇവര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണം. വെടിക്കെട്ട് മുടക്കുന്നത് ശിവകാശിലോബിയാണ്. തൃശ്ശൂര്‍ പൂരത്തെ ഒതുക്കാനുള്ള ടെസ്റ്റ് ഡോസ് ആണ് ഇത്. വെടിക്കെട്ടിന് അനുമതി നിഷേധിച്ച കാര്യം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.