മുംബൈ: 13,000 രൂപ മാത്രം ശമ്പളമുള്ള യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് 21 കോടി രൂപ അപഹരിച്ചു. തന്റെ കാമുകിക്ക് സമ്മാനമായി ഇയാള്‍ നല്‍കിയത് 4 ബി.എച്ച്.കെ ഫ്‌ലാറ്റും ഡയമണ്ട് ഗ്ലാസും. ആഡംബര ജീവിതം നയിക്കാന്‍ 1.20 കോടി രൂപ വിലയുള്ള ഒരു ബിഎംഡബ്ല്യൂ കാറും 1.30 കോടി വിലയുള്ള മറ്റൊരു എസ്.യു.വിയും 32 ലക്ഷം രൂപയുടെ ബിഎംഡബ്ല്യൂ ബൈക്കും വാങ്ങി.
മഹാരാഷ്ട്രയിലാണ് സംഭവം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഹര്‍ഷല്‍ കുമാര്‍ എന്ന 23കാരനാണ് തട്ടിപ്പിന്റെ നായകന്‍. ഇയാളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. തട്ടിപ്പില്‍ പങ്കുണ്ടെന്ന് കരുതുന്ന സഹപ്രവര്‍ത്തക യശോദ ഷെട്ടിയെയും ഭര്‍ത്താവ് ബി.കെ ജീവനെയും പിടികൂടിയിട്ടുണ്ട്. മുഖ്യസൂത്രധാരനെ കണ്ടെത്താന്‍ പല വഴി അന്വേഷിക്കുകയാണ് പൊലീസുകാര്‍ ഇപ്പോള്‍.
ഇത്ര വലിയ തുക നിസ്സാരമായി ആരുമറിയാതെ അടിച്ചെടുക്കാന്‍ ഉപയോഗിച്ച തന്ത്രമാണ് ഏവരെയും അമ്പരപ്പിച്ചത്. സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ പഴയ ഒരു ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് ആദ്യം ബാങ്കിന് ഒരു ഇ-മെയില്‍ അയച്ചു. സ്ഥാപത്തിന്റെ ഇ-മെയില്‍ വിലാസത്തില്‍ മാറ്റമുണ്ടെന്ന് പറഞ്ഞ് ഇയാള്‍ കൊടുത്തത് താന്‍ സ്വന്തമായുണ്ടാക്കിയ ഇ-മെയില്‍ ഐ.ഡി. യഥാര്‍ത്ഥ അഡ്രസില്‍ നിന്ന് ഒരു അക്ഷരത്തിന്റെ വ്യത്യാസം മാത്രമാണ് ഇതിനുണ്ടായിരുന്നത്.
പുതിയ ഇ-മെയില്‍ വിലാസം ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യപ്പെട്ടു കഴിഞ്ഞതോടെ ഒടിപികള്‍ ഇതില്‍ ലഭിക്കാന്‍ തുടങ്ങി. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പതിയെ ഇതുവഴി സാധ്യമാക്കി. തുടര്‍ന്ന് ഡിവിഷണല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിന് ഇന്റര്‍നെറ്റ് ബാങ്കിങ് ആക്ടിവേറ്റ് ചെയ്തു. ജൂലൈ മുതല്‍ ഡിസംബര്‍ ഏഴ് വരെയുള്ള കാലയളവിലായിരുന്നു ഇതെല്ലാം.
പിന്നീട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ അക്കൗണ്ടില്‍ നിന്ന് 21.6 കോടി രൂപ മറ്റ് 13 ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. ഇത് ഉപയോഗിച്ചാണ് കാറുകളും ആഡംബര ബൈക്കും കാമുകിക്ക് സമ്മാനിക്കാന്‍ ഫ്‌ലാറ്റുകളുമൊക്കെ വാങ്ങിയത്. ഡയമണ്ട് പതിച്ച ഗ്ലാസുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയമുണ്ട്. പണം കൈമാറ്റപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആഡംബര വാഹനങ്ങള്‍ ഇതിനോടകം പിടിച്ചെടുത്തു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് അധികൃതര്‍ പരാതി നല്‍കിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.
56 1 minute read