BREAKINGKERALA

ശശീന്ദ്രന്‍ തുടരട്ടെ, എന്‍.സി.പിയില്‍ മന്ത്രിമാറ്റം വേണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: എന്‍.സി.പിയിലെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്ന് സിപിഎം തീരുമാനം. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സി.പി.എം ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ദേശീയ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനെ അറിയിച്ചു.
ഇപ്പോള്‍ ശശീന്ദ്രനെ മാറ്റിയാല്‍, അദ്ദേഹം മുന്‍പ് ഉന്നയിച്ചതുപോലെ എംഎല്‍എ സ്ഥാനം ഉള്‍പ്പടെ രാജിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തിയേക്കാമെന്നും അത് മുന്നണിയേയും സര്‍ക്കാരിനേയും ബാധിക്കുമെന്നുമുള്ള വിലയിരുത്തലിലാണ് സിപിഎം എത്തിയത്. ഒന്നര വര്‍ഷം മാത്രമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ബാക്കിയുള്ളൂ. അതിന് മുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് സിപിഎം ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തിരിക്കുന്നത്.
ഉപതിരഞ്ഞെടുപ്പിന് ശേഷം മന്ത്രിമാറ്റമുണ്ടാകുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അതു സംബന്ധിച്ച് ഒരു തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാ?ഗത്ത് നിന്നും ഉണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ മന്ത്രിയെ മാറ്റണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ട് പോലും മുഖ്യമന്ത്രി അതിന് തയാറാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അസ്തിത്വം നഷ്ടപ്പെടുത്തിക്കൊണ്ട് എന്തിനാണ് മുന്നോട്ട് പോകുന്നതെന്ന വിമര്‍ശനം എന്‍സിപി നേതൃയോ?ഗത്തില്‍ ഉയര്‍ന്നിരുന്നു.
ചൊവ്വാഴ്ച രാത്രി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയിലെത്തി തോമസ് കെ. തോമസും പി.സി. ചാക്കോയും പ്രകാശ് കാരാട്ടും കൂട്ടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിമാറ്റം സംബന്ധിച്ച കാര്യങ്ങളായിരുന്നു അനൗദ്യോഗികചര്‍ച്ചയിലുണ്ടായിരുന്നത്. മന്ത്രിമാറ്റത്തിന് ശശീന്ദ്രന്‍ വഴങ്ങാത്തതില്‍ സംസ്ഥാനനേതൃത്വത്തിനുള്ള അതൃപ്തി പവാറിനെ ധരിപ്പിച്ചു എന്നാണ് വിവരം.
മന്ത്രിമാറ്റം സംബന്ധിച്ച് ചര്‍ച്ചയില്‍ കൂടുതല്‍ സംസാരം നടന്നില്ലെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം തോമസ് കെ. തോമസിന്റെ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബുധനാഴ്ച വീണ്ടും ചര്‍ച്ചയ്ക്ക് ശ്രമം നടത്തിയെങ്കിലും ക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് തോമസ് കെ. തോമസ് പുലര്‍ച്ചെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
അതേസമയം, മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് എ.കെ. ശശീന്ദ്രന്‍ കഴിഞ്ഞദിവസം പരോക്ഷമായി പറഞ്ഞിരുന്നു. തോമസ് കെ.തോമസ് എംഎല്‍എ മന്ത്രിയാകാന്‍ സാധ്യതയില്ലെങ്കില്‍ താനെന്തിന് രാജിവെക്കണമെന്നായിരുന്നു ശശീന്ദ്രന്റെ ചോദ്യം. രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നതുപോലെയാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button