പത്തനംതിട്ട:ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു. നാല് മണിക്കാണ് മേല്‍ശാന്തി പി.എന്‍ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചത്.. താഴമണ്‍ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേല്‍ശാന്തിമാരെ തന്ത്രി കണ്ഠര് രാജീവര്‍ ക്ഷേത്രത്തിലേക്ക് ആനയിച്ചു. മേല്‍ശാന്തിമാരെ കൈപിടിച്ചാണ് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്കെത്തിച്ചത്.
തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ആദ്യം ശബരിമല മേല്‍ശാന്തിയുടെയും പിന്നീട് മാളികപ്പുറം മേല്‍ശാന്തിയുടെയും അഭിഷേകം ഉടന്‍ നടക്കും. നാളെ വൃശ്ചിക പുലരിയില്‍ പുലര്‍ച്ചെ മൂന്നിന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ആയിരിക്കും. നാളെ മുതല്‍ ഡിസംബര്‍ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. മണ്ഡലപൂജ ഡിസംബര്‍ 26നാണ്. അന്ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കുന്നതായിരിക്കും.
ഇന്ന് മുപ്പതിനായിരം പേരാണ് വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഉച്ചയോടെ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങിയിരുന്നു. ആദ്യ ആഴ്ചയിലെ ഓണ്‍ലൈന്‍ ബുക്കിംഗ് പൂര്‍ണ്ണമായും നിറഞ്ഞ് കഴിഞ്ഞു. അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന എല്ലാവര്‍ക്കും ദര്‍ശന സൗകര്യമുണ്ടാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയില്‍ പരമാവധി ഭക്തരെ വേഗത്തില്‍ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 16 മണിക്കൂര്‍ ദര്‍ശനമായിരുന്നുവെങ്കില്‍ ഇക്കുറി 18 മണിക്കൂര്‍ ദര്‍ശന സൗകര്യം ഉണ്ടാകും.
64 1 minute read