പാലക്കാട്: പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയ നീക്കം ഫലം കണ്ടതോടെ ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ ഷുക്കൂറെത്തി. അതിനിടെ യോഗസ്ഥലത്ത് വച്ച് മാധ്യമപ്രവര്‍ത്തകരെ ഷുക്കൂറിന്റെ ചുമലില്‍ കൈയ്യിട്ട് പിടിച്ച് എന്‍എന്‍ കൃഷ്ണദാസ് അധിക്ഷേപിച്ചു.
പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂര്‍. പാലക്കാട് നഗരമേഖലയില്‍ നല്ല ജനപിന്തുണയുള്ള നേതാവ് കൂടിയായ ഇദ്ദേഹം ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ നിലപാടെടുത്താണ് രാജിപ്രഖ്യാപിച്ചത്. കണ്‍വന്‍ഷന്‍ യോഗത്തിലേക്ക് ഷുക്കൂറിനെ തോളില്‍ കൈയ്യിട്ട് എന്‍എന്‍ കൃഷ്ണദാസാണ് എത്തിച്ചത്. ഒപ്പം കരഘോഷവുമായി പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നു. കൃഷ്ണദാസ് മാത്രമാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. അബ്ദുള്‍ ഷുക്കൂര്‍ തലതാഴ്ത്തിയാണ് കണ്‍വന്‍ഷന്‍ വേദിയിലേക്ക് നടന്നെത്തിയത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമങ്ങളോട് കുപിതനായ എന്‍എന്‍ കൃഷ്ണദാസ് കണ്‍വന്‍ഷന്‍ വേദിയിലും മാധ്യമങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചു. ഷുക്കൂറിന്റെ രാജിവാര്‍ത്ത, പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട് ചെയ്തതിലാണ് കൃഷ്ണദാസ് കുപിതനായത്. ‘ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നില്‍ക്കുന്ന പോലെ’ എന്ന് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം അധിക്ഷേപിച്ചു.
അതിനിടെ പാര്‍ട്ടിയോട് ഇടഞ്ഞ് പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ ഷാനിബ് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഇടത് സ്ഥാനാര്‍ത്ഥി പി.സരിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതേത്തുടര്‍ന്ന് ഇദ്ദേഹം ഡോ.പി.സരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും സരിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
59 1 minute read