കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപി നേതാക്കള്‍ക്കെതിരെ കോഴിക്കോട് പോസ്റ്റര്‍. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി രഘുനാഥ് എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍. ഇവര്‍ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
തോല്‍വിയുടെ സാഹചര്യത്തില്‍ മുരളീധരന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികള്‍ തുടങ്ങിയിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. പറയാനുള്ളത് പറയേണ്ട വേദിയില്‍ പറയുമെന്ന് മുരളീധരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപിയോടുള്ള സ്‌നേഹം തനിക്ക് മനസിലാകും. അമ്മയെ തല്ലുന്നത് നിര്‍ത്തിയോ എന്നതു പോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ ചോദിക്കുന്നത്. അഭിപ്രായങ്ങള്‍ പറയേണ്ട സ്ഥലത്താണ് പറയുന്നതെന്നും വി മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് നല്ല ചോദ്യമാണെന്നായിരുന്നു മുരളീധരന്റെ മറുപടി. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ തോറ്റതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.
അതേസമയം, വി മുരളീധരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ ഒരു മുഴം മുമ്പെറിഞ്ഞുള്ള നീക്കമാണ് കെ സുരേന്ദ്രന്‍ നടത്തിയത്. രാജി സന്നദ്ധത സുരേന്ദ്രന്‍ അറിയിച്ചെങ്കിലും വ്യാപക വിമര്‍ശനങ്ങള്‍ക്കിടെയും കെ സുരേന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാലക്കാട് തോല്‍വിയില്‍ അധ്യക്ഷന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ സുരേന്ദ്രന്‍ മാറില്ലെന്ന് വ്യക്തമാക്കുന്നത്. ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നുമായിരുന്നു ജവദേക്കറിന്റെ ട്വീറ്റ്.
സുരേന്ദ്രനെ മാറ്റി, വി മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കത്തിലാണ് മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസ്. പിന്നാലെ സംസ്ഥാന ബിജെപിയിലെ പോരില്‍ വി മുരളീധരനുമായുള്ള അകല്‍ച്ച സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണം. മുമ്പ് വി മുരളീധരന്‍ സംസ്ഥാന പ്രസിഡന്റായിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ ആരും മുരളീധരന്റെ രാജിയാവശ്യപ്പെട്ടിരുന്നില്ലെന്നായിരുന്നു കുത്ത്. അന്ന് പിറവത്ത് ബിജെപിക്ക് കിട്ടിയ 2000 വോട്ടുകളുടെ എണ്ണം പറഞ്ഞുള്ള സുരേന്ദ്രന്റെ മറുപടി, മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കൂടിയാണെന്നാണ് വിലയിരുത്തല്‍.
മുരളിക്ക് വീണ്ടും അവസരം വേണമെന്ന നിലപാടിലാണ് പികെ കൃഷ്ണദാസ്. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് മാറിയ മുരളീധരന്‍ അധ്യക്ഷപദം ആഗ്രഹിക്കുന്നുമുണ്ട്. പോര് കൂടുതല്‍ കടുത്താല്‍ സുരേന്ദ്രന് ഇപ്പോഴുള്ള ദില്ലി പിന്തുണ മാറാം. സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങാനിരിക്കെ വരും ദിവസത്തെ നീക്കങ്ങളും നിര്‍ണ്ണായകമാണ്.
65 1 minute read