BREAKINGINTERNATIONALNATIONAL

സ്‌കൂട്ടറിലെത്തി ചെടിച്ചട്ടി മോഷ്ടിക്കുന്ന യുവതിയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ചെടിച്ചട്ടി മോഷ്ടിക്കുന്ന സ്ത്രീകളുടെ വീഡിയോകള്‍ അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തിലേക്ക് ഒന്നു കൂടി പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷമായ രീതിയിലായിരുന്നു പ്രതികരിച്ചത്. ഇതുവരെ പുറത്ത് വന്ന വീഡിയോകളില്‍ വില കൂടിയ കാറുകളില്‍ രാത്രി കാലങ്ങളിലാണ് സ്ത്രീകള്‍ ചെടിച്ചട്ടി മോഷണത്തിന് ഇറങ്ങിയിരുന്നത്. എന്നാല്‍, പുതിയ വീഡിയോയില്‍ പട്ടാപകല്‍ ഒരു തെരുവില്‍ വച്ചാണ് യുവതി ചെടിച്ചട്ടി മോഷ്ടിക്കുന്നത്.
‘പകല്‍ വെളിച്ചത്തില്‍ പൂച്ചട്ടി മോഷ്ടിച്ച സ്‌കൂട്ടറിലെത്തിയ സ്ത്രീ പിടിയില്‍’ എന്ന് കുറിച്ച് കൊണ്ട് ഘര്‍ കെ കലേഷ് എന്ന ജനപ്രിയ എക്‌സ് ഹാന്റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം ഒന്നര ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോയില്‍ പകല്‍ വെളിച്ചത്തില്‍ വിജനമായ ഒരു റോഡിന്റെ ഒരു വശത്ത് നിന്നും ഹെല്‍മറ്റില്ലാതെ സ്‌കൂട്ടില്‍ വരുന്ന ഒരു സ്ത്രീയെ കാണാം. വരുന്ന വഴി ഇവര്‍ എന്തോ ഒന്നിലേക്ക് സൂക്ഷിച്ച് നോക്കുന്നു. തുടര്‍ന്ന് സ്‌കൂട്ടര്‍ റോഡ് സൈഡില്‍ നിര്‍ത്തുന്നു.
പിന്നീടുള്ളത് മറുവശത്തെ ക്യാമറയിലെ ദൃശ്യങ്ങളാണ്. ഈ ദൃശ്യങ്ങളില്‍ വീടിന് മുന്നിലെ റോഡിനോട് ചേര്‍ന്ന ചെറിയ സ്ഥലത്ത് വച്ചിരിക്കുന്ന ഒന്ന് രണ്ട് ചെടിച്ചടികള്‍ എടുത്ത് പരിശോധിക്കുന്നത് കാണാം. പിന്നാലെ അതിലൊരു ചെടിച്ചട്ടി എടുത്ത് ഇവര്‍ സ്‌കൂട്ടറില്‍ മുന്നോട്ട് പോകുന്നു. ഈ സമയം റോഡിലൂടെ ഒന്ന് രണ്ട് പേര്‍ പോകുന്നുണ്ടെങ്കിലും സ്ത്രീ അവരെയൊന്നും ശ്രദ്ധിക്കുന്നു പോലുമില്ല. തന്റെ സ്വന്തം സ്ഥലത്ത് നിന്നും എന്തോ എടുത്ത് കൊണ്ട് പോകുന്ന ലാഘവത്തോടെയാണ് അവരുടെ പ്രവര്‍ത്തികള്‍.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ഇതാരുടെ അമ്മയാണെന്നായിരുന്നു ചിരിക്കുന്ന ഇമോജി പങ്കുവച്ച് കൊണ്ട് ഒരാള്‍ ചോദിച്ചത്. കഴിഞ്ഞ ദിവസം രണ്ട് പെണ്‍കുട്ടികള്‍ ഇതുപോലെ ഒരു പൂച്ചട്ടി കൊണ്ട് പോകാന്‍ ശ്രമിച്ചിട്ട് അതിന്റെ ഭാരം താങ്ങാനാകാതെ ഉപേക്ഷിച്ചെന്നും എന്തിനാണ് സ്ത്രീകള്‍ ഇങ്ങനെ പൂച്ചട്ടികള്‍ മോഷ്ടിക്കുന്നതെന്നും ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. ഇത് ഇന്ത്യയിലെ ഒരു പുതിയ പ്രവണതയാണെന്നും അടുത്തിടെ നിരവധി ചെടി മോഷണ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.
സ്‌കൂട്ടി വാങ്ങാനും പെട്രോള്‍ അടിക്കാനും അവരുടെ കൈയില്‍ പണമുണ്ട് പക്ഷേ 50 രൂപയുടെ ഒരു ചെടിച്ചട്ടിക്ക് മുടക്കാന്‍ കാശില്ലേയെന്നായിരുന്നു മറ്റൊരു ചോദ്യം. അതേസമയം ഒരു അന്തവിശ്വാസമാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കുന്നതെന്നും പണക്കാരന്റെ വീട്ടില്‍ നിന്നും ഒരു മണിപ്ലാന്റോ ഒരു ചെടിച്ചട്ടിയോ മോഷ്ടിച്ച് വീട്ടില്‍ കൊണ്ട് വച്ചാല്‍ സമൃദ്ധിയുണ്ടാകുമെന്നൊരു വിശ്വാസം പ്രചരിക്കുന്നുണ്ടെന്നും മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ഒരു മാസം മുമ്പ് നോയിഡയിലെ ബിഎംഡബ്ല്യു കാറിലെത്തിയ ഒരു സ്ത്രീ വലിയൊരു ചെടിച്ചട്ടി മോഷ്ടിക്കുന്ന വീഡിയോ വൈറലായിരുന്നു.

Related Articles

Back to top button