BREAKINGKERALA
Trending

ഹേമ കമ്മിറ്റിയില്‍ മൊഴിനല്‍കാത്തവര്‍ക്കും പരാതിനല്‍കാം-ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റിയില്‍ മൊഴിനല്‍കാത്തവര്‍ക്കും സിനിമാമേഖലയിലെ ചൂഷണങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ നോഡല്‍ ഓഫീസര്‍ക്ക് പരാതിനല്‍കാമെന്ന് ഹൈക്കോടതി. ഡബ്ള്യു.സി.സി.യുടെ ആവശ്യം കണക്കിലെടുത്താണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങിയ ബെഞ്ച് ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയത്. ജനുവരി 31 വരെയാണ് അവസരം.
പരാതിനല്‍കിയവരെ സംഘടനകളില്‍നിന്ന് പുറത്താക്കാനുള്ള നീക്കമുണ്ടെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ അഭിഭാഷക കോടതിയെ അറിയിച്ചു. അങ്ങനെയുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കേസില്‍ കക്ഷിചേരാനുള്ള നടി രഞ്ജിനിയുടെ അപേക്ഷ അംഗീകരിച്ചു. എസ്.െഎ.ടി. നിരന്തരം ബന്ധപ്പെടുന്നെന്നും ഹേമ കമ്മറ്റി തന്റെ മൊഴി ഏതുതരത്തിലാണ് രേഖപ്പെടുത്തിയതെന്നതില്‍ വ്യക്തതയില്ലെന്നുമാണ് നടിയുടെ പരാതി. മൊഴി പരിശോധിച്ചശേഷമേ തുടര്‍നടപടിക്ക് താത്പര്യമുള്ളൂവെന്നും അറിയിച്ചു. മൊഴിനല്‍കാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റിയിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ നിലവില്‍ 50 കേസുകളെടുത്തെന്ന് എ.ജി. കെ. ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു.
ഹര്‍ജിയില്‍ ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനെയും കക്ഷിചേര്‍ത്തു. എ.ഐ.ജി. ജി. പൂങ്കുഴലിയാണ് നോഡല്‍ ഓഫീസര്‍. ഫോണ്‍-9497996910. ഇമെയില്‍-aigcoastal.pol@kerala.gov.in

Related Articles

Back to top button