ജീവനക്കാരുടെ ജോലി സമ്മര്‍ദ്ദം കുറച്ച് അവരെ ഊര്‍ജ്ജസ്വലരാക്കാന്‍ വേറിട്ട ഒരു വഴി തേടി ജപ്പാനീസ് ടെക് കമ്പനി. ഇതിനായി കമ്പനി കണ്ടെത്തിയ മാര്‍ഗമാണ് രസകരം. ഓഫീസിനുള്ളില്‍ 10 പൂച്ചകളെ വളര്‍ത്തുക. ജോലിക്കിടയില്‍ പൂച്ചകളുമായി കളിക്കാനും ഇടപഴകാനും ജീവനക്കാര്‍ക്ക് അവസരം നല്‍കുന്നതിലൂടെ അവരുടെ സര്‍ഗ്ഗാത്മകതയും ഊര്‍ജ്ജസ്വലതയും വര്‍ദ്ധിക്കുമെന്നാണ് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നത്.
വെബ്, ആപ്പ് ഡിസൈനുകളില്‍ വൈദഗ്ധ്യമുള്ള ടോക്കിയോ ആസ്ഥാനമായുള്ള ടെക് സ്ഥാപനമായ ക്യുനോട്ട് (Qnote) ആണ് ഇത്തരത്തില്‍ 10 പൂച്ചകളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുന്നത്. കമ്പനിയിലെ എല്ലാവരെയും പോലെ ഈ പൂച്ചകള്‍ക്കുമുണ്ട് ജോലി. കമ്പനിയിലെ 32 ‘ജീവനക്കാരുമായി കളിക്കുക’ എന്നതാണ് ഇവരുടെ ജോലി. 2004 മുതലാണ് കമ്പനി പൂച്ചകളെ ദത്തെടുത്തു തുടങ്ങിയത്. ഒരു റസ്റ്റോറന്റില്‍ നിന്നും കണ്ടെത്തിയ ‘ഫതുബ’ എന്ന് പേരുള്ള പൂച്ചക്കുട്ടിയായിരുന്നു കമ്പനിയിലെ ആദ്യത്തെ അംഗം. കാലക്രമേണ, മറ്റ് ഒമ്പത് പൂച്ചകളെ കൂടി ഈ ഗ്രൂപ്പില്‍ ചേര്‍ക്കുകയും അവയില്‍ ഓരോന്നിനും ഓരോ ഓഫീസ് റോളുകള്‍ നല്‍കുകയും ചെയ്തു.
ടീമിലെ ഏറ്റവും പ്രായം കൂടിയയാളായതിനാല്‍, 20-കാരിയായ ഫതുബയ്ക്കാണ് ഏറ്റവും ഉയര്‍ന്ന റാങ്കായ ‘ചെയര്‍കാറ്റ്’ പദവി നല്‍കിയിരിക്കുന്നത്. മറ്റു പൂച്ചകള്‍ക്കും ഉണ്ട് മാനേജറും ഗുമസ്തനും ഒക്കെ അടങ്ങുന്ന വിവിധ പദവികള്‍. പൂച്ചകള്‍ക്ക് കൂടുതല്‍ സൗകര്യവും സ്വതന്ത്രമായി വിഹരിക്കാനായി വലിയ ഇടവും നല്‍കുന്നതിനായി ടെക് കമ്പനി 2020-ല്‍ ഓഫീസ് നാല് നിലകളുള്ള കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. പുതിയ ഓഫീസിലേക്ക് മാറിയപ്പോള്‍, പൂച്ചകള്‍ക്ക് മാത്രമായി രണ്ട് നിലകളാണ് കമ്പനി മാറ്റിവച്ചത്.
അവിടെ പൂച്ചകള്‍ക്ക് കളിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനും ഒക്കെ പ്രത്യേകം സജ്ജീകരണങ്ങളുമൊരുക്കി. കൂടാതെ എല്ലാ പൂച്ചകള്‍ക്കും സ്വന്തമായി ഇരിപ്പിടങ്ങളും ഷെല്‍ഫുകളും ഉണ്ട്. കമ്പനി സിഇഓ നോബുയുകി സുരുട്ടയുടെ അഭിപ്രായത്തില്‍, ക്യൂനോട്ടില്‍ ജോലി ചെയ്യുന്ന പലര്‍ക്കും സ്വന്താമായി പൂച്ചകളുണ്ട്. അതിനാല്‍, ഈ വളര്‍ത്തുമൃഗങ്ങളുടെ അടുത്തായിരിക്കുമ്പോള്‍ അവര്‍ക്ക് സ്വാഭാവികമായും വിശ്രമം തോന്നും. കൂടാതെ ഈ സംരംഭം നിരവധി പേരെ കമ്പനിയില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
58 1 minute read