BREAKINGINTERNATIONALNATIONAL

12 കൊല്ലത്തെ ദാമ്പത്യത്തിനൊടുവില്‍ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലായി; വിവാഹം നടത്തിക്കൊടുത്ത് യുവാവ്

ഭാര്യയെ കാമുകന് വിവാഹംകഴിച്ചുകൊടുത്ത് യുവാവ്. ബിഹാറിലെ സഹര്‍സയിലാണ് 12 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യബന്ധം വേര്‍പിരിഞ്ഞ ശേഷം മുന്‍ ഭാര്യയെ യുവാവ് മറ്റൊരാള്‍ക്ക് വിവാഹംചെയ്ത് നല്‍കിയത്. വിവാഹച്ചടങ്ങുകളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. 12 കൊല്ലം ഇരുവരും ഒരുമിച്ച് ജീവിച്ചു. ഇവര്‍ക്ക് മൂന്നുകുട്ടികളുമുണ്ട്. ഭര്‍ത്താവുമായി വിവാഹബന്ധം നിലനില്‍ക്കവേയാണ് മറ്റൊരാളുമായി യുവതി പ്രണയത്തിലാകുന്നത്. യുവതി രണ്ടാമത് പ്രണയിച്ച യുവാവ് വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായിരുന്നു.
യുവതി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസ്സിലായപ്പോള്‍ ബന്ധം പിരിയാന്‍ ഭര്‍ത്താവ് തീരുമാനിച്ചു. തുടര്‍ന്ന് ഇവര്‍ വിവാഹമോചിതരാവുകയും പിന്നാലെ മുന്‍ ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു.
യുവതിയുടെയും കാമുകന്റെയും വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയുടെ സീമന്തരേഖയില്‍ യുവാവ് കുങ്കുമം ചാര്‍ത്തുന്നത് വീഡിയോയില്‍ കാണാം.

Related Articles

Back to top button