എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായില്ല. കവടിയാറിലെ വീട് നിർമ്മാണം സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിയിരുന്നു.ബാങ്ക് വായ്പയുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അന്തിമറിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കും. പി വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം.
കോടികൾ മുടക്കി കവടിയാർ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പിവി അൻവറിന്റെ പ്രധാന ആരോപണം. താഴത്തെ കാർ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്ന് നിലകെട്ടിടമാണ് അജിത് കുമാർ കവടിയാറിൽ പണികഴിപ്പിക്കുന്നത്.
എന്നാൽ എസ് ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമാണമെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ്.
കഴിഞ്ഞ ദിവസം എം ആർ അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭ അനുമതി നൽകിയിരുന്നു. വിജിലൻസ് അന്വേഷണം നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്ന സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. എം ആർ അജിത് കുമാറിനൊപ്പം സുരേഷ് രാജ് പുരോഹിതിനെയും ഡിജിപി റാങ്കിലേക്ക് ഉയർത്തിയിരുന്നു.