BREAKINGINTERNATIONALNATIONAL

67-കാരിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത് 27 കോണ്ടാക്റ്റ് ലെന്‍സുകള്‍; കണ്ണുതള്ളി ഡോക്ടര്‍മാര്‍

പതിവ് പോലെ സാധാരണഗതിയിലുള്ള തിമിര ശസ്ത്രക്രിയയാകും അതും എന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്. എന്നാല്‍ ശസ്ത്രക്രിയ തുടങ്ങുന്നതിന് തൊട്ടുമുമ്പ് കണ്ണുതള്ളിയ അവസ്ഥയിലായി ഡോക്ടര്‍മാര്‍. ഒന്നും രണ്ടുമല്ല, 27 കോണ്ടാക്റ്റ് ലെന്‍സുകളാണ് വയോധികയുടെ കണ്ണില്‍ നിന്ന് അവര്‍ പുറത്തെടുത്തത്.
യു.കെയിലാണ് സംഭവം. തിമിര ശസ്ത്രക്രിയ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വയോധികയുടെ കണ്‍പോളയ്ക്കുതാഴെ നീലനിറത്തില്‍ എന്തോ കണ്ടത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശദമായ പരിശോധന നടത്തി. കണ്ണിലെ സ്രവംകൊണ്ട് ഒട്ടിപ്പിടിച്ച നിലയില്‍ 17 ലെന്‍സുകളാണ് കണ്‍പോളയ്ക്കടിയില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ കണ്ണ് വിശദമായി ഒന്നുകൂടെ പരിശോധിക്കാന്‍ തീരുമാനിച്ചു. മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ ആ പരിശോധനയില്‍ അതേ കണ്ണില്‍ നിന്ന് തന്നെ 10 കോണ്ടാക്റ്റ് ലെന്‍സുകള്‍ കൂടെ കിട്ടി. അതീവശ്രദ്ധയോടെ സുരക്ഷിതമായി തന്നെ ഡോക്ടര്‍മാര്‍ ലെന്‍സുകള്‍ കണ്ണില്‍ നിന്ന് നീക്കം ചെയ്തു. വയോധികയ്ക്ക് അനസ്തേഷ്യ നല്‍കിയശേഷമായിരുന്നു ഇത്. അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ ശസ്ത്രക്രിയ രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ മാസവും മാറ്റുന്ന തരത്തിലുള്ള കോണ്ടാക്റ്റ് ലെന്‍സാണ് വയോധിക 35 വര്‍ഷമായി ഉപയോഗിക്കുന്നത്. കോണ്ടാക്റ്റ് ലെന്‍സുകള്‍ എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് കണ്ണില്‍ നിന്ന് നീക്കം ചെയ്യണം. കൂടാതെ 30 ദിവസത്തെ ഇടവേളയില്‍ ലെന്‍സ് മാറ്റി പുതിയ ലെന്‍സ് ഉപയോഗിക്കണം. ചില സമയങ്ങളില്‍ ലെന്‍സ് നീക്കം ചെയ്യാനായി നോക്കുമ്പോള്‍ അത് കണ്ണില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും നിലത്തുവീണതാണെന്ന് കരുതിയെന്നും വയോധിക ഡോക്ടര്‍മാരോട് പറഞ്ഞു.
തലയോട്ടിയില്‍ സാധാരണയേക്കാള്‍ ആഴത്തില്‍ കണ്ണുകള്‍ ഉള്ള ‘ഡീപ്പ്-സെറ്റ് ഐസ്’ (Deep-set eyes) എന്ന അവസ്ഥ കാരണമാകാം ഇത്രയധികം ലെന്‍സുകള്‍ ഇവരുടെ കണ്ണില്‍ സുഗമമായി തങ്ങിനിന്നത് എന്നും അവ കണ്ടെത്താന്‍ കഴിയാതിരുന്നതുമാണ് ഡോക്ടര്‍മാരുടെ അനുമാനം. അതേസമയം വേദനയോ അണുബാധയോ പോലുള്ള യാതൊരുവിധ ലക്ഷണങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നുമില്ല.
കോണ്ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ഈ സംഭവത്തില്‍ നിന്നുള്ള പാഠമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അശ്രദ്ധമായി ലെന്‍സുകള്‍ ഉപയോഗിക്കുന്നതും കണ്ണുകള്‍ കൃത്യമായ ഇടവേളകളില്‍ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമാക്കാത്തതും ഇത്തരത്തിലുള്ളതോ ഗുരുതരമായതോ ആയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Back to top button