കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ വീണ്ടും അനിശ്ചിതത്വം. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയ്ക്ക് ഗംഗാവലി പുഴയിലിറങ്ങി തിരച്ചില്‍ നടത്താന്‍ അനുമതി ലഭിച്ചിട്ടില്ല. ഗംഗാവലി പുഴയില്‍ വലിയ അടിയൊഴുക്ക് അനുഭവപ്പെടുന്നുണ്ടെന്ന് വിശദീകരിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ദൗത്യം ഇന്ന് പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി ഇന്നലെ എം കെ രാഘവന്‍ എം പി പറഞ്ഞിരുന്നു. മഴയുണ്ടെങ്കിലും ഇന്ന് ഗംഗാവലിയില്‍ തിരച്ചില്‍ നടത്താന്‍ താന്‍ തയാറാണെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചിട്ടുണ്ട്.
മഴ പെയ്യുന്നുണ്ടെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിവരെ പുഴയിലിറങ്ങി തിരച്ചില്‍ നടത്താന്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് ഈശ്വര്‍ മാല്‍പെയുടെ വിലയിരുത്തല്‍. പൊലീസ് നിര്‍ദേശം വകവയ്ക്കാതെ പുഴയിലിറങ്ങാന്‍ കഴിയില്ലെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. എംഎല്‍എ വിളിച്ചിട്ടാണ് താന്‍ ഇവിടെയെത്തിയത്. അധികൃതരുടെ അന്തിമ തീരുമാനത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ഈശ്വര്‍ മാല്‍പെ അറിയിച്ചു.
മഴ മാറുമ്പോള്‍ തിരച്ചില്‍ പുനരാരംഭിക്കാമെന്നാണ് മാല്‍പെ സംഘം പ്രതീക്ഷിക്കുന്നത്. പുലര്‍ച്ചെയോടെ തന്നെയെത്തി സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി വരികയായിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയോടെ അര്‍ജുന്റെ കോഴിക്കോട്ടെ വീട് സന്ദര്‍ശിക്കും. ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അര്‍ജുന്റെ ബന്ധുക്കളോട് സംസാരിച്ച് സഹായം ഉറപ്പുനല്‍കിയിരുന്നു.