ധാക്ക: ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ച് പ്രസിഡന്റ് മുഹമ്മദ് ഹബുദ്ദീന്‍. പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഹസീനയുടെ രാജിക്കും പലായനത്തിനും പിന്നാലെയാണ് പ്രസിഡന്റിന്റെ തീരുമാനം. നൊബേല്‍ സമ്മാനജേതാവായ ഡോ. മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാകുമെന്ന് സംവരണവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വംനല്‍കിയ വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു. 2006-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ് ഡോ. യൂനുസ്.
സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ഡോ. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കുമെന്ന് വിദ്യാര്‍ഥി നേതാക്കള്‍ പ്രഖ്യാപിച്ചത്. പ്രക്ഷോഭത്തിന് നേതൃത്വംനല്‍കിയ ആന്റി-ഡിസ്ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ്മെന്റിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായ നഹിദ് ഇസ്ലാം, ആസിഫ് മഹ്മൂദ്, അബൂബക്കര്‍ മസൂംദാര്‍ എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയത്. ഇടക്കാല സര്‍ക്കാരിനായുള്ള രൂപരേഖ 24 മണിക്കൂറിനകം രൂപവത്കരിക്കുമെന്ന് ശൈഖ് ഹസീനയുടെ രാജിക്ക് പിന്നാലെ നഹിദ് ഇസ്ലാം പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ഥി നേതാക്കളുമായി കരസേനാ മേധാവി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
സൈനിക പിന്തുണയുള്ള ഇടക്കാല സര്‍ക്കാര്‍ രൂപവത്കരണം ചര്‍ച്ചചെയ്യാനായി പ്രസിഡന്റ് മുഹമ്മദ് ഷഹബുദ്ദീന്‍ കരസേനാ മേധാവി ജനറല്‍ വാക്കുര്‍ ഇസ് സമാന്, വ്യോമ-നാവിക സേനാ മേധാവിമാര്‍, ഉന്നത നേതാക്കള്‍, ജമാ അത്തെ ഇസ്ലാമിയുടേയും ബി.എന്‍.പിയുടേയും ഉള്‍പ്പെടെ പ്രതിപക്ഷത്തെ ചില നേതാക്കള്‍ എന്നിവരുടെ യോഗം വിളിച്ചിരുന്നു. വീട്ടുതടങ്കലിലുള്ള ബി.എന്‍.പി. അധ്യക്ഷയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട എല്ലാ വിദ്യാര്‍ഥികളേയും മോചിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ശൈഖ് ഹസീന രാജ്യം വിട്ടശേഷവും ആളിക്കത്തുന്ന കലാപം അമര്‍ച്ചചെയ്ത് സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ സൈന്യത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബി.എന്‍.പി) ആക്റ്റിങ് ചെയര്‍പേഴ്സണ്‍ താരിഖ് റഹ്മാന് രാജ്യത്തേക്ക് മടങ്ങിവരും. പാര്‍ട്ടി സെക്രട്ടറി ജനറല്‍ മിര്‍സ ഫഖ്റുല്‍ ഇസ്ലാം ആലംഗിര്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ യു.കെയിലാണ് താരിഖ് റഹ്മാന് കഴിയുന്നത്.
58 1 minute read