BREAKINGKERALA

കേരളവര്‍മ്മ കോളേജില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനിയെ എസ്എഫ്‌ഐ നേതാവ് പീഡിപ്പിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ കോണ്‍ഗ്രസ്

തൃശൂര്‍: തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ നേതാവ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ക്കെതിരെ കോണ്‍ഗ്രസ്. സംഭവത്തില്‍ അധ്യാപകരുടെ മൗനം അപമാനകരമാണെന്ന് കെപിസിസി സെക്രട്ടറി എ. പ്രസാദ് പറഞ്ഞു. കേസില്‍ എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വിദ്യാര്‍ഥി അറസ്റ്റിലായി മൂന്നാഴ്ചയായിട്ടും മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും മൗനം അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിന് ഇരയായി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടും പഠനം അവസാനിപ്പിച്ച് പോയിട്ടും അധികാരികള്‍ ഈ സംഭവങ്ങള്‍ അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. മൗനം പാലിച്ച് പ്രതിക്കു രക്ഷപ്പെടുന്നതിനാവശ്യമായ സഹായം നല്‍കി എന്നത് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
2023 മെയില്‍ കോളേജ് അവധിക്കാലത്ത് ഡി സോണ്‍ മത്സരങ്ങളുടെ തയാറെടുപ്പിന്റെ സമയത്താണ് സനേഷ് എന്ന വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. സംഭവം പൊലീസില്‍ പരാതിയായി എത്തുന്നത് 2024 ഓഗസ്റ്റ് 12 നാണ്. തുടര്‍ന്ന് വെസ്റ്റ് പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതിയായ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കോളേജ് മാനേജര്‍ കൂടിയായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയെ നേരിട്ടുകണ്ട എ. പ്രസാദ് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് മന്ത്രി ആര്‍ ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്കും നല്‍കി.

Related Articles

Back to top button