BREAKINGKERALA

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി ന്യുനമര്‍ദ്ദം രൂപപ്പെട്ടു. ഇത് ഒക്ടോബര്‍ 22 ന് രാവിലെയോടെ തീവ്ര ന്യുന മര്‍ദ്ദമായും 23 ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടര്‍ന്ന് ഒക്ടോബര്‍ 24 ന് ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം എത്തിച്ചേരാനാണ് സാധ്യത.
മധ്യ പടിഞ്ഞാറന്‍ അറബിക്കടലിന് മുകളില്‍ മറ്റൊരു ന്യുനമര്‍ദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് പോകാനാണ് സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്‌നാടിന് മുകളില്‍ മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തില്‍ അടുത്ത ഒരാഴ്ച ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ 21 -23 തീയതികളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Back to top button