തൊഴില്‍സ്ഥലങ്ങളിലെ മോശം സംസ്‌കാരത്തെ കുറിച്ച് വലിയ ചര്‍ച്ചകളാണ് ഇന്ന് നടക്കുന്നത്. എട്ട് മണിക്കൂര്‍ എന്ന് പറഞ്ഞ് ജോയിന്‍ ചെയ്താലും ചിലപ്പോള്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും. അതിനുള്ള കൂലി കിട്ടില്ല തുടങ്ങി അനേകം പ്രശ്‌നങ്ങളുണ്ട്. എന്നാല്‍, ഇന്ന് പലരും ഇത്തരം പ്രശ്‌നങ്ങള്‍ തുറന്ന് പറയാനും പ്രതികരിക്കാനും ഒക്കെ തയ്യാറാകാറുണ്ട്.
അതുപോലെ തന്റെ ജൂനിയറായ ഒരാള്‍ തനിക്കയച്ച മെസ്സേജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് ഒരു യുവതി വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.
അഡ്വ. ആയുഷി ദോഷിയാണ് തന്റെ എക്‌സ് അക്കൗണ്ടില്‍ (ട്വിറ്റര്‍) തന്റെ ജൂനിയര്‍ അയച്ചിരിക്കുന്ന മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചിരിക്കുന്നത്. ‘എന്റെ ജൂനിയര്‍ എനിക്ക് ഇങ്ങനെ ഒരു മെസ്സേജ് അയച്ചുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇന്നത്തെ കുട്ടികള്‍ മറ്റൊരു തരമാണ്. അവന്‍ വൈകിയാണ് പോയത്, അതിനാല്‍ ഓഫീസില്‍ എത്താന്‍ വൈകുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്തൊരു നീക്കമാണിത്. എനിക്ക് ഒന്നും പറയാന്‍ പോലും സാധിക്കുന്നില്ല’ എന്നായിരുന്നു ആയുഷി തന്റെ പോസ്റ്റിന്റെ കാപ്ഷനില്‍ പറഞ്ഞിരിക്കുന്നത്.
ജൂനിയര്‍ ആയുഷിക്ക് അയച്ച മെസ്സേജില്‍ പറയുന്നത്. താന്‍ വൈകിയാണ് ഓഫീസില്‍ നിന്നും ഇറങ്ങുന്നത് എന്നാണ്. ‘ഇപ്പോള്‍ 8.30 ആയി, ഇറങ്ങുന്നേയുള്ളൂ, അതുകൊണ്ട് നാളെ വൈകി 11.30 -നെ ഓഫീസില്‍ എത്തൂ’ എന്നും മെസ്സേജില്‍ പറയുന്നു.
എന്നാല്‍, ജൂനിയറിനെ കുറ്റപ്പെടുത്തിക്കൊണ്ട് ആയുഷി പങ്കുവച്ച സ്‌ക്രീന്‍ഷോട്ട് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി തെളിച്ചത്. ‘വൈകി ഇറങ്ങുന്ന ഒരാള്‍ക്ക് വൈകിയേ ജോലിക്ക് കയറാനും സാധിക്കൂ. അതാണ് ആരോ?ഗ്യപരമായ തൊഴില്‍ സംസ്‌കാരം’ എന്നാണ് പലരും കമന്റ് നല്‍കിയത്.
എന്നാല്‍, ആയുഷി അതിന് മറുപടി പറഞ്ഞത് സമയത്തിന് ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കാന്‍ പറ്റാത്തതുകൊണ്ടാണ് അയാള്‍ക്ക് ഓഫീസില്‍ അധികനേരം ഇരിക്കേണ്ടി വന്നത് എന്നാണ്. എന്നാല്‍, അതിനും വലിയ വിമര്‍ശനങ്ങള്‍ ആയുഷിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. ഒരാള്‍ക്ക് സമയത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ജോലികളാണ് നിങ്ങള്‍ നല്‍കുന്നതെങ്കില്‍ അത് നിങ്ങളുടെ കുഴപ്പം തന്നെ ആണ് എന്നായിരുന്നു വിമര്‍ശനം.
എന്തായാലും, ജൂനിയറിനെ വിമര്‍ശിച്ചുകൊണ്ട് ഇട്ട പോസ്റ്റിന് ഇത്രയധികം വിമര്‍ശനങ്ങള്‍ തനിക്ക് ഏറ്റുവാങ്ങേണ്ടി വരും എന്ന് ആയുഷി ഒരിക്കലും കരുതിക്കാണില്ല.
73 1 minute read