BREAKINGKERALA
Trending

കുട്ടികള്‍ക്ക് നോട്ട്‌സ് വാട്‌സാപ്പിലൂടെ അയക്കുന്ന രീതി വേണ്ട, അധികചെലവും അമിതഭാരവും; വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെതുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്‌സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ വാട്‌സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി. കൊവിഡ് മഹാമാരി കാലത്ത് ഓണ്‍ലൈന്‍ പഠനമായിരുന്നുവെങ്കിലും നിലവില്‍ സ്‌കൂളുകളില്‍ നേരിട്ടാണ് ക്ലാസുകള്‍ നടക്കുന്നത്.
കുട്ടികള്‍ക്ക് അവരുടെ പഠനകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്‌സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി ഗുണകരമല്ല. കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്‌കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ചോദിച്ചറിയേണ്ടതുമാണ്.
പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ അംഗം എന്‍സുനന്ദ നല്‍കിയ നോട്ടീസിനെതുടര്‍ന്നാണ് എല്ലാ ആര്‍.ഡി.ഡിമാര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയത്.

Related Articles

Back to top button