തിരുവനന്തപുരം: വഖഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുനമ്പത്തെ സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച നടക്കുക. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സമരക്കാര്‍ വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്.
ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തില്‍ പരിഹാരം കാണാനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനമായത്.ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി. എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് കമ്മീഷന്‍. മൂന്നു മാസത്തിനുള്ളില്‍ കമ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.
ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂമിയില്‍ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സര്‍ക്കാര്‍ സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോര്‍ഡ് നടപടികള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണത്തിനെതിരേ മുനമ്പം സമരസമിതി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടത്തുന്നത് പ്രശ്നപരിഹാരം വൈകിപ്പിക്കുമെന്നും റവന്യൂ അധികാരമടക്കമുള്ള അവകാശങ്ങള്‍ തിരിച്ചുകിട്ടാന്‍ നടപടി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉയരും.
42 Less than a minute