തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ടുകളും തുടര്‍ നടപടികളും മുക്കി സര്‍ക്കാര്‍. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ചയായി. നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച ടി വി പ്രശാന്തിനെതിരെ കൂടുതല്‍ നടപടിയുമില്ല. വിവരാവകാശ നിയമപ്രകാരം പോലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടപ്പോള്‍ എഡിഎമ്മിന്റെ മരണത്തില്‍ ഉത്തരവാദികള്‍ക്കെതിരെ ഇതാ ഉടനടി നടപടി എന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പറഞ്ഞവര്‍ തന്നെയാണ് കഴിഞ്ഞ ഒരു മാസമായി അനങ്ങാതിരിക്കുന്നതും. എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും ഒരു തെളിവും ഇല്ലെന്ന ലാന്‍ഡ് റവന്യു ജോയിന്റെ കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി ആവശ്യപ്പെടുന്ന കുറിപ്പ് സഹിതം റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയത് നവംബര്‍ ഒന്നിനായിരുന്നു.
തെറ്റുപറ്റിയെന്ന് നവീന്‍ ബാബു ചേംബറിലെത്തി പറഞ്ഞെന്ന വെളിപ്പെടുത്തലും സംഭവത്തില്‍ ജില്ലാ കളക്ടറുടെ ഇടപെടലിലും റവന്യു വകുപ്പിനും മന്ത്രിക്കും അതൃപ്തിയുണ്ട്. കളക്ടറെ മാറ്റണമെന്ന ആവശ്യത്തില്‍ പോലും ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടുമില്ല. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ പുറത്ത് വിടാനാകില്ലെന്നാണ് വിവരവാരകാശ നിയമപ്രകാരം സമീപിച്ചപ്പോള്‍ റവന്യുവകുപ്പ് മറുപടി നല്‍കിയത്.
ആരോപണ വിധേയനായ ടി വി പ്രശാന്തനെ സസ്‌പെന്റ് ചെയ്തതോടെ ബാക്കി എല്ലാം തീര്‍ന്നു. പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡിഎംഇയും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവിടുന്നില്ല. വിവിധ തലത്തിലുള്ള അന്വേഷണങ്ങളും കോടതി നടപടികളും തുടരുന്നതിനാല്‍ വിവരാവകാശ നിയമ പ്രകാരം വസ്തുതകള്‍ പുറത്ത് പറയാന്‍ നിര്‍വാഹമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെയും ഒഴിവുകഴിവ്.
74 1 minute read