ന്യൂഡല്‍ഹി: ദമ്പതിമാരെയും മകളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സൗത്ത് ഡല്‍ഹിയിലെ നെബ്സരായിയില്‍ താമസിക്കുന്ന രാജേഷ്(53), ഭാര്യ കോമള്‍(47), മകള്‍ കവിത(23) എന്നിവരെയാണ് വീടിനുള്ളില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ദമ്പതിമാരുടെ മകന് പ്രഭാതസവാരി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടതെന്നാണ് വിവരം. ചോരയില്‍കുളിച്ച് കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ട് മകന് നിലവിളിക്കുകയായിരുന്നു. പിന്നാലെ ബഹളംകേട്ട് അയല്‍ക്കാരും വീട്ടിലേക്ക് ഓടിയെത്തി. തുടര്‍ന്ന് അയല്‍ക്കാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസും സ്ഥലത്തെത്തി.
രാജേഷ്-കോമള്‍ ദമ്പതിമാരുടെ വിവാഹവാര്‍ഷിക ദിവസമാണ് ദാരുണമായ സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ മകന് ഇരുവര്‍ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നിരുന്നു. ഇതിനുശേഷമാണ് മകന് പതിവായുള്ള പ്രഭാതസവാരിക്ക് പോയതെന്നും അയല്‍ക്കാര്‍ പറഞ്ഞു.
കുത്തേറ്റാണ് മൂവരുടെയും മരണം സംഭവിച്ചതെന്നാണ് പ്രാഥമികവിവരം. പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന് എന്തെങ്കിലും കവര്‍ച്ച നടത്തിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
64 Less than a minute