വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാറും ഇടതുസംഘടനകളുമായുള്ള ഏറ്റുമുട്ടലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരിടവേളയ്ക്ക് ശേഷം കേരള സർവകലാശാലയിൽ എത്തുന്നു. ചൊവ്വാഴ്ച കേരളയിലെ സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. രാവിലെ 11.30-ന് പാളയത്തെ കേരള സർവകലാശാല ആസ്ഥാനത്തെ സെനറ്റ് ഹാളിൽ നടക്കുന്ന സെമിനാർ ഗവർണർ ഉദ്ഘാടനം ചെയ്യും. ‘ആഗോള പ്രശ്‌നങ്ങളും സംസ്‌കൃത വിജ്ഞാന വ്യവസ്ഥയും’ എന്ന വിഷയത്തിൽ മൂന്ന് ദിവസമാണ് സെമിനാർ നടക്കുക. വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മേൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗവർണറോടുള്ള എതിർപ്പിനെ തുടർന്ന് പരിപാടിയുടെ കൂടിയാലോചനായോഗം ഇടതുസംഘടനകൾ ബഹിഷ്‌കരിച്ചിരുന്നു. വി സി നിയമനങ്ങളിൽ ഗവർണർ സ്വന്തം നിലയിൽ മുന്നോട്ടു പോവുന്നതിൽ സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ ശക്തമായ പ്രതിഷേധത്തിലാണ്. മോഹനൻ കുന്നുമ്മലിന് വി സിയായി പുനർനിയമനം നൽകിയ നടപടിയും വിവാദമായിരുന്നു.അതേസമയം, ഗവർണറുടെ സർവകലാശാല സന്ദർശനവേളയിൽ പ്രതിഷേധം ഉയർന്നേക്കുമെന്നാണ് കണക്കുകൂട്ടൽ. രണ്ടു വർഷം മുൻപ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ചാൻസലർ പങ്കെടുക്കുന്ന പരിപാടി സർവകലാശാല ആലോചിച്ചെങ്കിലും ഇടതു സിൻഡിക്കേറ്റംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് മാറ്റിയിരുന്നു. സമാനമായി സംസ്‌കൃത സെമിനാറിലും എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ഇടതുപക്ഷം.
67 Less than a minute