പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിക്കിടെ ക്രൂര കൊലപാതകം. യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട റാന്നി മന്ദമരുതിയിൽ ഇന്നലെ രാത്രിയാണ് അരും കൊല നടന്നത്. ചെതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്.
ബീവേറേജസ് മദ്യവിൽപ്പന ശാലയ്ക്ക് മുന്നിൽ രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള അടിപിടി തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നു പ്രതികള ഉണ്ടെന്ന് റാന്നി പൊലീസ് പറഞ്ഞു. അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികള്‍. യുവാവിനെ കൊലപ്പെടുത്തിയശേഷം യുവാക്കള്‍ കാര്‍ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു. റാന്നിയിൽ നടന്നത് ഗ്യാങ് വാറാണെന്ന് പൊലീസ് പറഞ്ഞു. റാന്നി ബിവറേജസിനു മുന്നിൽ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി. പിന്നീട് മടങ്ങിപ്പോയവർ ഇരു കാറുകളിലായി മന്ദമരുതിയിൽ എത്തി. ഒരു കാറിൽ നിന്ന് അമ്പാടി പുറത്തിറങ്ങിയപ്പോൾ എതിർ ഗ്യാങ് കാർ കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു. കീക്കൊഴൂരിൽ വാടകയ്ക്ക് താമസിക്കുന്ന ആളാണ് 24 കാരനായ അമ്പാടി.