റോം: 2021-ല്‍ ഇറാഖില്‍വെച്ച് തനിക്കുനേരേയുണ്ടായ വധശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറാഖ് സന്ദര്‍ശനവേളയില്‍ ഭീകരര്‍ തനിക്കെതിരേ ചാവേര്‍സ്ഫോടനത്തിനു പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍, അത് നടത്തുംമുന്‍പ് അവരെ വധിച്ചെന്നും പാപ്പ പറയുന്നു.
ഇറ്റാലിയന്‍ എഴുത്തുകാരന് കാര്‍ലോ മുസ്സോയുമായിച്ചേര്ന്നെഴുതിയ ‘ഹോപ്’ എന്ന തന്റെ ആത്മകഥയിലാണ് പാപ്പയുടെ തുറന്നുപറച്ചില്‍. പാപ്പയുടെ 88-ാം ജന്മദിനമായ ചൊവ്വാഴ്ച ഇറ്റാലിയന്‍ ദിനപത്രമായ ഡെല്ല സെറ ആത്മകഥയിലെ പ്രസക്തഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. അതിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അടുത്തമാസം എണ്‍പതിലധികം രാജ്യങ്ങളില്‍ പുസ്തകം പ്രസിദ്ധീകരിക്കും.
ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമാണ് പാപ്പ ബാഗ്ദാദിലെത്തിയതിനുപിന്നാലെ ആക്രമണത്തെക്കുറിച്ച് ഇറാഖിപോലീസിന് മുന്നറിയിപ്പുനല്‍കിയത്. സ്ഫോടകവസ്തുക്കള്‍ ദേഹത്തൊളിപ്പിച്ച പെണ് ചാവേര്‍, ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടുള്ള ട്രക്ക് എന്നിവ മോസുളിലേക്കു നീങ്ങുന്നുണ്ടെന്നായിരുന്നു രഹസ്യാന്വേഷണറിപ്പോര്‍ട്ട്. അതനുസരിച്ച് ഇറാഖിപോലീസ് വധശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ഇറാഖ് സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്; അതും 2021-ല്‍ കോവിഡ് പശ്ചാത്തലത്തില്‍. യുദ്ധത്തില്‍ തകര്‍ന്നുതരിപ്പണമായ, ഐ.എസുകാര്‍ ആസ്ഥാനമാക്കിവെച്ചിരുന്ന വടക്കന്‍ നഗരമായ മോസുളടക്കം പാപ്പ സന്ദര്‍ശിച്ചിരുന്നു.
58 Less than a minute