BREAKINGINTERNATIONALNATIONAL
Trending

‘പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു, പദവിയുടെ മാന്യത കാത്തുസൂക്ഷിക്കണം’; ജസ്റ്റിസ് യാദവിനോട് കൊളീജിയം

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങില്‍ പങ്കെടുത്ത് വിവാദപ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ശാസിച്ച് സുപ്രീംകോടതി കൊളീജിയം. വിവാദ പരാമശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് യാദവിനോട് സുപ്രീംകോടതി കൊളീജിയം വ്യക്തമാക്കി. വഹിക്കുന്ന ഭരണഘടന പദവിയുടെ മാന്യത കാത്ത് സൂക്ഷിക്കണമെന്നും സുപ്രീംകോടതി കൊളീജിയം അലഹബാദ് ഹൈക്കോടതി ജഡ്ജിയോട് നിര്‍ദേശിച്ചു.
ഏകസിവില്‍കോഡിനെ പിന്തുണച്ച് ഡിസംബര്‍ എട്ടിന് വി.എച്ച്.പി. പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് ജസ്റ്റിസ് യാദവിന്റെ വിവാദ പരാമര്‍ശങ്ങളുണ്ടായത്. ഇത് ഹിന്ദുസ്ഥാനാണെന്നും ഭൂരിപക്ഷസമുദായത്തിന്റെ ആഗ്രഹപ്രകാരമാണ് ഇന്ത്യ പ്രവര്‍ത്തിക്കുകയെന്നുമാണ് ജസ്റ്റിസ് യാദവ് പറഞ്ഞത്. കുടുംബമായാലും സമൂഹമായാലും ഭൂരിപക്ഷത്തിന്റെ ആഗ്രഹമാണ് പരിഗണിക്കേണ്ടതെന്നുപറഞ്ഞ ജസ്റ്റിസ് യാദവ്, മുസ്ലിങ്ങള്‍ക്കെതിരേ ചിലര്‍ വളരെ മോശമായി ഉപയോഗിക്കാറുള്ള പദപ്രയോഗവും നടത്തി. മുസ്ലിങ്ങള്‍ രാജ്യത്തിന് അപകടകരമാണ്, അവര്‍ രാജ്യത്തിന് എതിരാണ്, രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണ്, അവരെ കരുതിയിരിക്കണം തുടങ്ങിയ പരാമര്‍ശങ്ങളും ജസ്റ്റിസ് യാദവില്‍നിന്നുണ്ടായി.
ഈ പരാമര്‍ശങ്ങളെ സംബന്ധിച്ച് വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ഇന്നലെ സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരായത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ കൊളീജിയത്തിന് മുമ്പാകെയാണ് ജസ്റ്റിസ് യാദവ് ഹാജരായത്. തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് യാദവ് കൊളീജിയത്തിന് മുമ്പാകെ വിശദീകരിച്ചു.
എന്നാല്‍, ഈ വിശദീകരണം തൃപ്തികരമല്ലെന്ന് സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് യാദവിനോട് കടുത്ത അതൃപ്തി സുപ്രീംകോടതി കൊളീജിയം അറിയിച്ചത്. മുന്‍വിചാരം ഇല്ലാതെ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് ജസ്റ്റിസ് യാദവിനെ കൊളീജിയം ശാസിച്ചത്. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ കോടതി മുറിക്കുള്ളിലും പൊതുചടങ്ങുകളിലും നടത്തുന്ന പ്രസ്താവനകള്‍ അവര്‍ വഹിക്കുന്ന ഭരണഘടന പദവിയോട് മാന്യത പുലര്‍ത്തുന്നത് ആയിരിക്കണമെന്ന് സുപ്രീംകോടതി കൊളീജിയം നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാകരുത് പ്രസ്താവനകളെന്നും കൊളീജിയം ജസ്റ്റിസ് യാദവിനോട് പറഞ്ഞു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ്, അഭയ് എസ്.ഓക എന്നിവരടങ്ങിയ സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെയാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ഹാജരായി വിശദീകരണം നല്‍കിയത്. കൊളീജിയം നടപടികള്‍ ഏതാണ്ട് അര മണിക്കൂറോളം നീണ്ടു നിന്നു. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പൂര്‍ണ്ണരൂപം അലഹബാദ് ഹൈക്കോടതി നേരത്തെ സുപ്രീംകോടതിക്ക് കൈമാറിയിരുന്നു.
ഇന്നലത്തെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ സുപ്രീംകോടതി എന്തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. ജസ്റ്റിസ് യാദവിനെതിരെ കടുത്ത നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി തേടി പ്രതിപക്ഷ എംപിമാര്‍ നല്‍കിയ നോട്ടീസ് നിലവില്‍ രാജ്യസഭാ സെക്രട്ടറി ജനറലിന്റെ പരിഗണനയിലാണ്.

Related Articles

Back to top button