BREAKINGKERALA
Trending

മംഗളാദേവി ക്ഷേത്രം കേരളത്തിലോ, തമിഴ്‌നാട്ടിലോ? സുപ്രീംകോടതിയുടെ ചോദ്യത്തില്‍ ഉത്തരംമുട്ടി അഭിഭാഷകര്‍

ന്യൂഡല്‍ഹി: പെരിയാര്‍ കടുവസംരക്ഷണ കേന്ദ്രത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രം ഏത് സംസ്ഥാനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടി സംസ്ഥാനസര്‍ക്കാരുകളുടെ അഭിഭാഷകര്‍. കേരളത്തിന്റെയും തമിഴ്നാടിന്റെയും സര്‍ക്കാര്‍ അഭിഭാഷകരാണ് സുപ്രീംകോടതിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞ് മാറിയത്.
മംഗളാദേവി ക്ഷേത്രം ഏറ്റെടുത്ത് പരിപാലിക്കാന്‍ പുരാവസ്തു വകുപ്പിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിന് ഇടയിലാണ് ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞത്. ഹര്‍ജിയില്‍ കേരളത്തിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറിനോടും തമിഴ്നാട് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം.എഫ്. ഫിലിപ്പിനോടുമാണ് സുപ്രീംകോടതി ഈ ചോദ്യം ആരാഞ്ഞത്.
നേരിട്ട് ഉത്തരം പറയാതെ ഇത് ഹര്‍ജിയുടെ പരിഗണന വിഷയമല്ലെന്ന് കേരളത്തിന് വേണ്ടി ഹാജരായ നിഷേ രാജന്‍ ഷൊങ്കര്‍ സുപ്രീംകോടതിയെ അറിയിച്ചു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമി ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ജസ്റ്റിസ് മാരായ ദിപാങ്കര്‍ ദത്തയും പി.കെ. മിശ്രയുമടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇരുസംസ്ഥാനങ്ങളിലെയും അഭിഭാഷകര്‍ ഇതിന് കൃത്യമായ മറുപടി നല്‍കിയില്ല. ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച് രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടെന്ന് ഹര്‍ജിക്കാരായ മംഗളാദേവി കണ്ണകി ട്രസ്റ്റ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.
മംഗളാദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജി നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളില്‍ ഒന്നില്‍ കേരള സര്‍ക്കാര്‍ ക്ഷേത്രം പരിപാലിക്കുന്നുവെന്ന് രേഖപെടുത്തിയിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ശബരിമല ക്ഷേത്രത്തിനാണ് കേരളസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം.
മംഗളാദേവി ക്ഷേത്രം ഏറ്റെടുത്ത് പരിപാലിക്കാന്‍ പുരാവസ്തു വകുപ്പിനോട് നിര്‍ദേശിക്കണമെന്ന ആവശ്യവുമായി ഹര്‍ജിക്കാരന് ആവശ്യമെങ്കില്‍ കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതിയില്‍ ഹര്‍ജിക്കാര്‍ ഫയല്‍ ചെയ്തത് റിട്ട് ഹര്‍ജിയായാണ്. എന്നാല്‍ റിട്ട് ഹര്‍ജിയില്‍ ഈ വിഷയം പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ എസ് ഗൗതമന്‍ ആണ് ഹാജരായത്.

Related Articles

Back to top button