BREAKINGKERALA

‘കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റി’; വയനാട്ടിലെ ദുരന്ത ബാധിതര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വയനാട് ദുരന്തബാധിതര്‍ക്ക് നോട്ടീസ് നല്‍കിയ നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തബാധിതരെ റിക്കവറി നടപടകളില്‍ നിന്ന് ഒഴിവാക്കുമെന്നും വാര്‍ത്തയിലൂടെയാണ് താന്‍ നോട്ടീസ് നല്‍കിയ കാര്യം അറിഞ്ഞതെന്നും ചെയര്‍മാന്‍ വരദരാജന്‍ പറഞ്ഞു. നോട്ടീസ് കൊടുത്ത ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണിത്. വയനാട് ദുരന്ത ബാധിതര്‍ക്കെതിരെ ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്ന് തീരുമാനം എടുത്തിരുന്നതാണ്. അങ്ങനയിരിക്കെ ഇത്തരത്തില്‍ നോട്ടീസ് നല്‍കിയത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് കെഎസ്എഫ്ഇ റിജ്യണല്‍ മേധാവിയോട് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വരദരാജന്‍ പറഞ്ഞു.
മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാന്‍ ആവശ്യപ്പെട്ട് ചൂരല്‍മല സ്വദേശികളായ സൗജത്ത് , മിന്നത്ത് എന്നിവര്‍ക്കാണ് കെഎസ്എഫ്ഇയില്‍ നിന്നും നോട്ടീസ് ലഭിച്ചത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടമായി താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇരുവരുടെയും കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്. ജീവിക്കാന്‍ പോലും വഴിയില്ലാതെ ദുരിതത്തില്‍ കഴിയുന്നതിനിടെയാണ് പണം അടക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ്. ഇത്തരമൊരു നടപടി ഇപ്പോള്‍ ഒഴിവാക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ദുരിത ബാധിതരില്‍ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിനിടെയാണ് കെഎസ്എഫ്ഇയുടെ അപ്രതീക്ഷിത നടപടി. കെഎസ്എഫ്ഇ നടപടി തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗും വ്യക്തമാക്കിയിരുന്നു. വായ്പ പിരിക്കുന്നത് നിര്‍ത്തിവെക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായെന്നും സര്‍ക്കാര്‍ സ്ഥാപനം തന്നെ നോട്ടീസ് അയച്ചതിലൂടെ ഇത് വ്യക്തമാണെന്നും യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് എംപി നവാസ് പറഞ്ഞു.

Related Articles

Back to top button