തിരുവനന്തപുരം: ലിറ്റിൽ മാഗസിനുകളും പ്രിന്റഡ് പുസ്തകങ്ങളും തപാൽ വഴി അയക്കുന്നതിന് പോസ്റ്റൽ വകുപ്പ് നൽകിയിരുന്ന ഇളവുകൾ പിൻവലിച്ച തീരുമാനം പുന:പരിശോധിക്കണമെന്നത് ബുക്ക് സെല്ലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള ആവശ്യപ്പെട്ടു. തപാൽ വകുപ്പിൻ്റെ പുതിയ പരിഷ്കരണങ്ങൾ കേരളത്തിലെ പുസ്തകവിൽപ്പന തൊഴിലായി സ്വീകരിച്ച ആയിരക്കണക്കിന് ആളുകളെ പ്രത്യക്ഷമായി തന്നെ ദോഷകരമായി ബാധിക്കും. പോസ്റ്റൽ വകുപ്പിൻ്റെ തീരുമാനം മൂലം വായനക്കാരിൽ നിന്ന് അമിത ചാർജ്ജുകൾ ഈടാക്കേണ്ടി വരുമ്പോൾ പണം നൽകി പുസ്തകം വാങ്ങുന്നവരുടെ പുസ്തകവായനയെ ഇല്ലാതാക്കുകയും പുസ്തകവിൽപ്പനക്കാരൻ്റെ തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം സംജാതമാകും.
പുസ്തകവിതരണം ഒരു സാംസ്കാരിക – വിദ്യാഭ്യാസ പ്രവർത്തനം എന്ന നിലയിൽ കണ്ട് മുൻകാലങ്ങളിൽ തപാൽ വകുപ്പ് നൽകിയിരുന്ന സൗജന്യങ്ങൾ ഇല്ലാതാകുന്നത് സമൂഹത്തിൻ്റെ സാംസ്കാരിക -വൈജ്ഞാനിക വളർച്ചയ്ക്കുകൂടി തിരിച്ചടിയാണ്. അതുകൊണ്ട് തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രസിഡന്റ് പുഴനാട് ഉദയൻ, സെക്രട്ടറി നൗഷാദ് കൊല്ലം എന്നിവർ ആവശ്യപെട്ടു.