BREAKINGKERALA

ചോദ്യപേപ്പര്‍ ഒരിക്കലും ചോര്‍ത്തിയിട്ടില്ലെന്ന് എം എസ് സൊല്യൂഷന്‍സ്; തങ്ങള്‍ മാത്രം ക്രൂശിക്കപ്പെടുന്നുവെന്ന് സിഇഒ

കോഴിക്കോട്: ചോദ്യ പേപ്പര്‍ ഒരിക്കല്‍ പോലും ചോര്‍ത്തിയിട്ടില്ലെന്ന് എം എസ് സൊല്യൂഷന്‍സിന്റെ സിഇഒ എം ഷുഹൈബ്. ചോദ്യങ്ങള്‍ പ്രവചിക്കുകയാണ് ചെയ്യുന്നതെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ചോദ്യങ്ങള്‍ പ്രവചിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയില്‍ താന്‍ പ്രവചിച്ച നാലു ചോദ്യങ്ങള്‍ മാത്രമാണ് വന്നതെന്നും ഷുഹൈബ് പ്രതികരിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടക്കുമ്പോള്‍ കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ച് വീഡിയോ പുറത്തുവിട്ടത് വിദ്യാഭ്യാസ വകുപ്പിനോടുള്ള വെല്ലുവിളിയായി കാണേണ്ടതില്ല. ക്ലാസ് കാത്തിരുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് ലൈവ് വന്നത്. മറ്റൊരു സ്ഥാപനമായ സൈലം പ്രവചിച്ച 18 ചോദ്യങ്ങള്‍ അതേ രീതിയില്‍ വന്നിട്ടും തന്നെ മാത്രം ക്രൂശിക്കുയാണ്. ഈ മേഖലയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തപ്പെടുന്നുണ്ട് എന്ന് കരുതുന്നില്ല. സ്‌കൂള്‍ അധ്യാപകര്‍ ആരും സ്ഥാപനവുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്നില്ല. അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങിയ ക്ലാസുകള്‍ ഇതുവരെ എടുത്തിട്ടില്ലെന്നും ഷുഹൈബ് പറഞ്ഞു.
കുട്ടികള്‍ക്കായി തമാശ പറഞ്ഞു ക്ലാസ് എടുക്കാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം പരാതിയില്‍ മറ്റു സ്ഥാപനങ്ങളുടെ പേരുണ്ടെങ്കിലും ക്രൂശിക്കപ്പെടുന്നത് തങ്ങള്‍ മാത്രമാണെന്നും പറയുന്നു. മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ച്ച പരാതി ഉയര്‍ന്നപ്പോളും ഇത് തന്നെയായിരുന്നു സ്ഥിതി. നിയമ നടപടികളുമായി സഹകരിച്ചു ക്ലാസുകളുമായി മുന്നോട്ട് പോകുമെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും ഷുഹൈബ് പറഞ്ഞു.

Related Articles

Back to top button