BREAKINGKERALA

ബിജെപി വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി.മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു

കല്‍പറ്റ: ബിജെപി വിട്ട പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി.മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, ടി.സിദ്ദിഖ് എംഎല്‍എ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം മധു സ്വീകരിച്ചത്.
ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനത്തിലല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും കുറച്ചുനാളുകളായി ഇത് സംബന്ധിച്ച് ആലോചനയിലായിരുന്നുവെന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം കെ.പി.മധു പ്രതികരിച്ചു.
കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടി ആയതുകൊണ്ടും ദേശീയതയ്ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതുകൊണ്ടുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഫെബ്രുവരിവരെ ബിജെപി ജില്ലാ അധ്യക്ഷനായിരുന്നു മധു. കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അന്ന് മധുവിനെ ജില്ലാ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടര്‍ന്നാണ് മധു ബിജെപിയുമായി അകന്നത്.

Related Articles

Back to top button