BREAKINGKERALA
Trending

കാരവനിലെ മരണം: കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതുമൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം നിഗമനം

വടകര: വടകര കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതുമൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം നിഗമനം. വണ്ടി നിര്‍ത്തിയശേഷം എ.സി. ഓണാക്കിയാണ് ഇവര്‍ ഉള്ളില്‍ വിശ്രമിച്ചത്. എ.സി. പ്രവര്‍ത്തിപ്പിച്ച ജനറേറ്ററിന്റെ പുകയില്‍നിന്നാണ് കാര്‍ബണ്‍ മോണോക്‌സൈഡ് കാരവനുള്ളിലേക്ക് കയറിയതെന്നാണ് പോലീസ് സംശയിക്കുന്നത്. വണ്ടിക്ക് പുറകില്‍ ഇടതുവശത്തായി പുറത്തുനിന്ന് തുറക്കാന്‍ കഴിയുന്ന കാബിനിലാണ് ജനറേറ്ററുള്ളത്. ഇതിലെ ഇന്ധനം പൂര്‍ണമായും വറ്റിയ നിലയിലാണ്.
മലപ്പുറം എരമംഗലം ആസ്ഥാനമായുള്ള ഫ്രണ്ട്‌ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റിന്റെ പേരിലുള്ള കാരവന്റെ ഡ്രൈവര്‍ വണ്ടൂരിലെ പരിയാരത്ത് മനോജ് (48), ഫ്രണ്ട് ലൈനിലെ ഐ.ടി. വിഭാഗം ജീവനക്കാരന്‍ കാസര്‍കോട് ചിറ്റാരിക്കാല്‍ പറമ്പ് സ്വദേശി പറശ്ശേരി ജോയല്‍ (26) എന്നിവരാണ് മരിച്ചത്. കാരവനില്‍ കുന്നംകുളത്തുനിന്ന് വധൂവരന്‍മാരെയും ബന്ധുക്കളെയും ഞായറാഴ്ച കണ്ണൂരിലെത്തിച്ച് തിരിച്ചുവരുകയായിരുന്നു ഇവര്‍. വടകരയ്ക്ക് സമീപം കരിമ്പനപ്പാലത്ത് റോഡരികില്‍ വണ്ടിനിര്‍ത്തി വിശ്രമിക്കാന്‍ കിടന്നപ്പോഴായിരുന്നു ദുരന്തം.
മരണം നടന്നത് തിങ്കളാഴ്ച പുലര്‍ച്ചയോടെയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വണ്ടി നിര്‍ത്തി കുറച്ചുസമയത്തിനുള്ളില്‍ത്തന്നെ മരണം സംഭവിച്ചിരിക്കാം. മനോജിന്റെ മൃതദേഹം വാതിലിന് അരികിലും ജോയലിന്റേത് കിടക്കയിലുമായിരുന്നു. മൂക്കില്‍നിന്ന് രക്തം ഒഴുകിയതിന്റെ പാടുണ്ട്. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതതേടി പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. സുജിത്ത് ശ്രീനിവാസന്‍ വൈകീട്ടോടെ കാരവന്‍ സന്ദര്‍ശിച്ചു.
ചൊവ്വാഴ്ച രാവിലെ വിരലടയാളവിദഗ്ധര്‍, ഫൊറന്‍സിക് സംഘം, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ആര്‍.ടി.ഒ., പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കല്‍ വിങ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. സുജിത്ത് ശ്രീനിവാസനും അസി.പ്രൊഫസര്‍ ഡോ. പി.പി. അജേഷും സ്ഥലത്തെത്തിയത്. റൂറല്‍ എസ്.പി. പി. നിധിന്‍രാജ്, ഡിവൈ.എസ്.പി. പ്രകാശന്‍ പടന്നയില്‍, ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍കുമാര്‍ എന്നിവരില്‍നിന്ന് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മലപ്പുറം വണ്ടൂര്‍ പരിയാരത്ത് കേശവന്‍നായരുടെയും ശാരദാമ്മയുടെയും മകനാണ് മനോജ്. ഭാര്യ: പ്രിയ. മക്കള്‍: മീനാക്ഷി, ഗായത്രി. സഹോദരങ്ങള്‍: സുകുമാരന്‍, ഗോപാലകൃഷ്ണന്‍, സുമതി, ഉഷാദേവി, ലളിത. ചിറ്റാരിക്കല്‍ പറശ്ശേരി അഗസ്റ്റിന്റെയും സിസിലിയുടെയും മകനാണ് ജോയല്‍. സഹോദരങ്ങള്‍: ജസ്റ്റിന്‍, സിന്‍സി.

Related Articles

Back to top button