BREAKINGKERALA

കൊച്ചിയിലെ സ്പാ, പൊലീസെത്തുമ്പോള്‍ നിരവധി പേര്‍; അനാശാസ്യത്തിന് 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

കൊച്ചി: കൊച്ചിയിലെ സ്പായില്‍ അനാശാസ്യം നടത്തിയതിന് 12 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘത്തെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കലാഭവന്‍ റോഡിലുള്ള സ്പായില്‍ നിന്നുമാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
‘മോക്ഷ’ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പായുടെ മറവില്‍ ലൈംഗിക വ്യാപാരമാണ് നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഓണ്‍ലൈനിലൂടെയായിരുന്നു സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച ശേഷമാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.
അതേസമയം, കൊച്ചിയില്‍ നക്ഷത്ര വേശ്യാലയം നടത്തിയ പൊലീസുകാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. നഗരത്തിലെ രണ്ട് പൊലീസുകാരെയാണ് കടവന്ത്ര പൊലീസ് പിടികൂടിയത്. കൊച്ചി സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ രമേഷ്, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ നഗരത്തില്‍ കര്‍ഷക റോഡിലെ സ്വകാര്യ ലോഡ്ജില്‍ പൊലീസ് റെയ്ഡ് സംഘടിപ്പിച്ചിരുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കൊല്ലം സ്വദേശിനിയായ രശ്മി, ആലപ്പുഴ സ്വദേശി വിമല്‍, ഇവരുടെ സഹായി മാര്‍ട്ടിന്‍ എന്നിവര്‍ അറസ്റ്റിലാകുകയും ചെയ്തു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് പൊലീസുകാര്‍ അറസ്റ്റിലാകുന്നത്. ഈ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിനുളള സഹായം നല്‍കിയിരുന്നത് അറസ്റ്റിലായ പൊലീസുകാരാണെന്നാണ് പൊലീസ് ഭാഷ്യം. സാമ്പത്തിക ഇടപാടുകള്‍ക്കുള്ള തെളിവ് ലഭിച്ചതായും പൊലീസ് പറഞ്ഞു.

Related Articles

Back to top button