കെ . എം സന്തോഷ് കുമാർ
( എഡിറ്റർ , കേരള ഭൂഷണം)
എം ടി എന്ന രണ്ടക്ഷരം ….
വിശേഷണങ്ങളാവശ്യമില്ലാത്ത രണ്ടക്ഷരം…
പ്രണയിക്കാനും
മോഹിക്കാനും കാമിക്കാനും
മോഹഭംഗപ്പെടാനും
ആഗ്രഹിക്കാനും
നിരാശരാകാനും
കാല്പനികസ്വപ്നം കാണാനും
പരുക്കൻ യാഥാർത്ഥ്യങ്ങളുടെ
പാറക്കെട്ടുകളിൽ തലയടിച്ച് വീണ്
സ്വപ്നം തകർന്ന്
വിമൂകമായി തേങ്ങാനും
മലയാളിയെ പഠിപ്പിച്ച
അക്ഷരാവിഷ്ക്കാരങ്ങളുടെ മഹാ മാന്ത്രികൻ ….
ഇനി കാലത്തിനൊരിക്കലും
അപഹരിക്കാനാവാത്ത അക്ഷരങ്ങളിലൂടെ
അമരത്വത്തിലേക്ക് ……
കാലം എന്ന മഹാ പ്രവാഹം അദ്ദേഹത്തേയും ……..
വായിച്ചും
കേട്ടും
പറഞ്ഞും
കേട്ടും
കാലത്തോളം വലുതായ മഹാ മനുഷൃൻ
ഇനിയില്ല…..
യാതൊരുവിധ ഔപചാരികതകൾക്കും മനസു കൊടുക്കാത്തയാൾക്ക്
ആദരാഞ്ജലിയെന്ന ക്ലീഷേ പ്രയോഗം കുറിച്ച് സ്വയം പരിഹാസ്യനാകുന്നില്ല….
പോകൂ
പ്രിയപ്പെട്ട മനുഷ്യ കഥാനുഗായകാ ..
വിട …
വാക്കുകളുടെ ഇന്ദ്രജാലക്കാരാ … വിട ..
എം ടി യെക്കുറിച്ച് പറയുമ്പോൾ
എന്ത് എന്തൊക്കെയാണ് തിരകൾക്കു മേൽ തിരമാലയെന്നപോൽ മനസിലേയ്ക്ക് ഇരമ്പിയെത്തുന്നത് …
മാതൃഭൂമി മാഗസിൻ എഡിറ്റർ എന്ന നിലയിൽ അദ്ദേഹം നിർവഹിച്ച പങ്ക്: ഇന്ന് സാഹിത്യ രംഗത്ത് പ്രശോഭിക്കുന്ന എത്രയോ വ്യക്തികളെ
കൈ പിടിച്ചുയർത്തിയത് എം ടി ആയിരുന്നു…
എൺപത് വർഷം പൂർത്തിയാക്കുന്ന
കേരള ഭൂഷണം
എന്തെന്തെല്ലാം കാര്യങ്ങളിൽ ആ മഹാ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു.
കേരള ഭൂഷണം അങ്ങയോട് എന്നെന്നും കടപ്പെട്ടിരിക്കുന്നു.
ഞങ്ങൾ ശിരസ്സു താഴ്ത്തുന്നു….
ആത്മാവ് , ശരീരമെന്ന ജീർണ്ണ വസ്ത്രം ഉപേക്ഷിക്കുക മാത്രമാണല്ലോ സംഭവിക്കുന്നത്
എന്ന വേദാന്ത – ദാർശനികത
രണ്ടാമൂഴത്തിൽ കുറിച്ച്
ഞങ്ങളെ മരണത്തിന്റെ ആന്തരികാർത്ഥം പഠിപ്പിച്ചത് അങ്ങായിരുന്നല്ലോ …..
വാനിൽ പുതിയൊരു വികാര –
പ്രണയാഭിലാഷ –
വൈകാരികോന്മുത്ത –
കാല്പനിക വിഷാദ ,
നക്ഷത്രമായി പിറക്കുക മാത്രമാണല്ലോ
സംഭവിച്ചിട്ടുള്ളത് ….
വരിക
ഗന്ധർവ്വ ഗായകാ വീണ്ടും……..