പോരാടാൻ ഉറച്ച് എൻ. പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറിയോട് എൻ പ്രശാന്ത് വിശദീകരണം ആരാഞ്ഞു. പരാതി ഇല്ലാതെ ചാർജ് മെമ്മോ നൽകിയത് എന്തിനെന്നാണ് എൻ പ്രശാന്തിന്റെ ചോദ്യം. മെമ്മോയിൽ ഉന്നയിച്ച കാര്യങ്ങളിൽ വ്യക്തത തേടിയാണ് വിശദീകരണം ചോദിച്ചത്. ചാർജ് മെമ്മോയ്ക്ക് മറുപടി നൽകാതെയാണ് വിശദീകരണം ആരാഞ്ഞത്.
സസ്പെൻഡ് ചെയ്യുന്നതിന് മുൻപ് തൻ്റെ ഭാഗം കേൾക്കാത്തത് എന്തുകൊണ്ടെന്നും എൻ പ്രശാന്ത്. തൻ്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് ആര് ശേഖരിച്ചു, ഏത് ഉദ്യോഗസ്ഥൻ്റെ ഫോണിൽ നിന്ന് ലഭിച്ചു, ആധികാരികത ഉറപ്പാക്കിയിട്ടുണ്ടോയെന്നും പ്രശാന്തിൻ്റെ ചോദ്യങ്ങൾ. നേരത്തെ ചീഫ് സെക്രട്ടറിക്ക് എൻ പ്രശാന്ത് വക്കീൽ നോട്ടീസ് അയച്ചിരുന്നു. .ക്രിമിനൽ ഗൂഢാലോചന , വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് , കെ. ഗോപാലകൃഷ്ണൻ എന്നീ ഉദ്യോഗസ്ഥർക്കും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങൾ വഴിയുള്ള പരസ്യ വിമർശനത്തിനാണ് എൻ പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരുന്നത്. പ്രശാന്ത് സമൂഹമാധ്യമത്തിലൂടെ ജയതിലകിനെതിരെ വിമർശനം കടുപ്പിച്ചിരുന്നു. അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോർട്ടാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. എ ജയതിലക് ഐഎഎസിന്റെ ചിത്രം സഹിതമാണ് എൻ പ്രശാന്തിന്റെ ഫേസ്ബുക്കിലെ പോസ്റ്റിലെ അധിക്ഷേപ പരാർമശം നടത്തിയത്. തനിക്കെതിരെ പത്രത്തിൽ വാർത്ത നൽകുന്നത് എ ജയതിലകാണെന്ന് എൻ പ്രശാന്ത് ആരോപിച്ചിരുന്നു.