കൊച്ചി: വയനാട്ടിലെ ദുരന്തബാധിതരായ ആളുകളെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാരിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍, ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
ഭൂമി അളക്കല്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. അതേസമയം, നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. ഹാരിസണ്‍സ്, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളിലാണ് വയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചത്. എന്നാല്‍, ഈ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടാണ് എസ്റ്റേറ്റ് ഉടമകള്‍ കോടതിയെ സമീപിച്ചത്.
ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഏക്കര്‍ ഭൂമി, കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ കല്‍പറ്റ ബൈപ്പാസിനോട് ചേര്‍ന്ന പുല്‍പാറ ഡിവിഷനിലെ 78.73 ഏക്കര്‍ ഭൂമി എന്നിവയാണ് മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങിയതാണ്. ഇതിനിടെയാണ് ഭൂമിയേറ്റെടുക്കലിനെതിരേ ഇരു മാനേജ്മെന്റുകളും ഹൈക്കോടതിയെ സമീപിച്ചത്.
ഭൂമിയേറ്റെടുക്കല്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹാരിസണ്‍സിന്റേയും എല്‍സ്റ്റണിന്റേയും വാദം. എന്നാല്‍ എസ്റ്റേറ്റുകളില്‍ സര്‍ക്കാരിന്റെ അവകാശവാദം ഉന്നയിച്ച് വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ സിവില്‍കേസും ഫയല്‍ ചെയ്തിരുന്നു. ഭൂമി സംബന്ധിച്ച നിയമപോരാട്ടം ടൗണ്‍ഷിപ്പ് നിര്‍മാണം അനിശ്ചിതത്വത്തിലാക്കുമോ എന്ന ആശങ്കപോലും ഉയര്‍ത്തിയിരുന്നു.
ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. വയനാട് പുനരധിവാസത്തിന് സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന ഹൈക്കോടതി വിധി മനുഷ്യരുടെ ഹൃദയമറിയുന്നതും ദുരന്തനിവാരണ പ്രക്രിയയില്‍ സര്‍ക്കാരിന്റെ വികാരം കോടതി പൂര്‍ണമായും തിരിച്ചറിഞ്ഞതിന്റേയും തെളിവാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ദുരന്തം ഉണ്ടായി രണ്ട് മാസത്തിനുള്ളില്‍ ദുരന്തനിവാരണത്തിനൊപ്പം ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ദുരന്തമുണ്ടായി ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ദുരന്തബാധിതര്‍ക്കായി മുഖ്യമന്ത്രി ഉറപ്പുനല്‍കിയ ടൗണ്‍ഷിപ്പ് എവിടെ ഒരുക്കുമെന്ന ആലോചന തുടങ്ങിയിരുന്നു. ദുരന്തബാധിതരായ ആളുകളുടെ ആവശ്യം പരിഗണിച്ചാണ് ഒരുമിച്ച് താമസിക്കുന്നതിനുള്ള ടൗണ്‍ഷിപ്പ് തന്നെ ഒരുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
60 1 minute read