BREAKINGKERALA
Trending

ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിലെ ദുരൂഹത; ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായില്ല, അന്വേഷണത്തിന് പൊലീസ്

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററുടേയും മകന്റെയും മരണത്തിലെ ദുരൂഹത പൊലീസ് അന്വേഷിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയനും മകന്‍ ജിജേഷും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. വൈകിട്ട് അഞ്ചുമണിയോടെ സുല്‍ത്താന്‍ബത്തേരിയിലെ വീട്ടുവളപ്പില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കും.
വിഷം കഴിച്ച നിലയിലാണ് വിജയനെയും മകനെയും ചൊവ്വാഴ്ച വീട്ടില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ ആയ ഇരുവരും ഇന്നലെയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാ ശ്രമമെന്ന വിലയിരുത്തലില്‍ വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയില്ല.
മരണത്തിന് പിന്നിലെ കാരണം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കും. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്ന വിജയന്‍ നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ചര്‍ച്ചയില്‍ നില്‍ക്കെയാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍. എം വിജയന്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനാണ്.

Related Articles

Back to top button